‘ഡബ്ള്യുസിസിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടിക്കായി മുഖ്യമന്ത്രിയെ കാണും’
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ ഇനി പ്രതീക്ഷ കോടതിയിലെന്ന് നടി റിമാ കല്ലിങ്കൽ. ഡബ്ള്യുസിസിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും റിമ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകളെ കൃത്യമായ ദിശയിൽ നയിക്കേണ്ട ബാദ്ധ്യത ഡബ്ള്യുസിസിക്കുണ്ട്. റിപ്പോർട്ടുമായി ബന്ധപ്പെട്ട് തുടർനടപടികൾ ആവശ്യപ്പെട്ട് ഡബ്ള്യുസിസി മുഖ്യമന്ത്രിയെ വീണ്ടും കാണും. ഇനിയിത് ആവർത്തിക്കില്ല എന്നെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് മറുപടി ഉണ്ടാകണം.
മോഹൻലാലിന് ഉത്തരമില്ലെങ്കിൽ ഇനി ഇവിടെ നിന്നെങ്കിലും ചിന്തിച്ച് തുടങ്ങാൻ ശ്രമിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരങ്ങൾ പരാതി ഉന്നയിച്ചത് സർക്കാരിനെ വിശ്വസിച്ചാണ്, സർക്കാർ ഒപ്പമുണ്ടാകുമെന്ന് കരുതിയാണ്. എന്നിട്ട് വീണ്ടും പരാതി നൽകണമെന്നാണ് സർക്കാർ പറയുന്നത്. ഈ കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ കണ്ട് വീണ്ടും ശക്തമായി ഉന്നയിക്കും’- റിമ കല്ലിങ്കൽ വ്യക്തമാക്കി.
ഗായിക സുചിത്രയുടെ ലഹരിപ്പാർട്ടി ആരോപണങ്ങളിലും നടി പ്രതികരിച്ചു. പിണറായി വിജയനും മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ഫഹദ് ഫാസിലിന്റ കരിയർ തകർക്കാനാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് തുടങ്ങിയതെന്ന് സുചിത്ര വീഡിയോയിൽ ആരോപിക്കുന്നുണ്ട്. എന്നാലത് വാർത്തയായില്ല. ഇതിന് പിന്നിൽ പവർ ഗ്രൂപ്പുണ്ടോയെന്ന് തുടങ്ങിയ കാര്യങ്ങൾ മലയാളികൾ ചിന്തിക്കട്ടെ. തന്നെക്കുറിച്ച് സുചിത്ര ആരോപിച്ച കാര്യങ്ങൾ മാത്രമാണ് മാദ്ധ്യമങ്ങൾ വാർത്തയാക്കിയതെന്നും അവർ കുറ്റപ്പെടുത്തി.
അപകീർത്തികരമായ പരാമർശങ്ങളിൽ തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് റിമ. റിമയുടെ വസതിയിൽ ലഹരി പാർട്ടികൾ നടത്തിയെന്നും മറ്റുമുള്ള ആരോപണത്തിലാണ് നടപടി. സുചിത്രക്കെതിരെ റിമ സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് പരാതി നൽകി. മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസുമയച്ചു. റിമയുടെ ലഹരി പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ പങ്കെടുക്കാറുണ്ട്,നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നു,സംഭവങ്ങൾ അവരുടെ കരിയറിനെ ബാധിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഒരു മാദ്ധ്യമ അഭിമുഖത്തിൽ സുചിത്ര ഉന്നയിച്ചത്.
Source link