ASTROLOGY

സർവ വിഘ്‌നങ്ങൾ അകലാൻ വിനായക ചതുർഥി വ്രതം , അനുഷ്ഠാനങ്ങൾ ഇങ്ങനെ


ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ സെപ്റ്റംബർ 07 ശനിയാഴ്ചയാണ് വിനായകചതുർഥി. അന്നേദിവസം ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. ഗണേശ്വരന്റെ പിറന്നാൾ ദിനത്തിൽ ചതുർഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം, ഗൃഹ നിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ ഉത്തമമാണ്. വിനായകചതുർഥിയിൽ ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം. ഗണനാഥനായ ഗണപതി ഭഗവാന് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം.

സർവ്വാഭീഷ്ടസിദ്ധിക്ക്… 

ചതുർഥി ദിനത്തിൽ ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല, അർച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാൽ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവർധനവിന് ഉത്തമമാണ്.
ചതുർഥി വ്രതം എന്തിന്? 
വിനായക ചതുർഥി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണ്. ചതുർഥി വ്രതം എന്നറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിച്ചാൽ അടുത്ത വിനായക ചതുര്‍ഥി വരെയുള്ള ഒരു വര്‍ഷക്കാലം ഗണേശപ്രീതിയിലൂടെ സർവ വിഘ്‌നങ്ങൾ നീങ്ങി ഉദ്ദിഷ്ട കാര്യലബ്‌ധിയുണ്ടാവുമെന്നാണ് വിശ്വാസം.
ചതുർഥി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ? 

ചതുർഥിയുടെ തലേന്ന് മുതൽ വ്രതം ആരംഭിക്കണം. എല്ലാ വ്രതാനുഷ്ടാനം പോലെ തലേന്ന് മത്സ്യമാംസാദികൾ ഉപേക്ഷിക്കുക. ഒരിക്കലൂണ് ആവാം. എണ്ണതേച്ചു കുളി, പകലുറക്കം എന്നിവ നിഷിദ്ധമാണ്. ചതുർഥി ദിനത്തിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിയിച്ചു ഗണപതി ഗായത്രികൾ ഭക്തിയോടെ ജപിക്കണം. കിഴക്കോട്ടു തിരിഞ്ഞാവണം ജപം . 108 തവ ജപിക്കുന്നതാണ് ഏറ്റവും ഉത്തമമെങ്കിലും കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കാൻ ശ്രമിക്കുക. തുടർന്ന് ഗണേശ ക്ഷേത്ര ദർശനം നടത്തി അവനവനാൽ കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുക. ധാന്യഭക്ഷണം ഒരുനേരമായി കുറച്ചുകൊണ്ട് മറ്റുള്ള സമയങ്ങളിൽ പാലും പഴവും മറ്റും കഴിക്കാം.ഒരിക്കലൂണും അഭികാമ്യം. ദിനം മുഴുവൻ ഗണേശസമരണയോടെ കഴിച്ചുകൂട്ടുന്നത് അത്യുത്തമം. കഴിയാവുന്നത്ര തവണ മൂലമന്ത്രമായ ‘ഗം ഗണപതയേ നമഃ’ ജപിക്കുക . സാധ്യമെങ്കിൽ വൈകുന്നേരവും ക്ഷേത്രദർശനം നടത്തുക. പിറ്റേന്ന് തുളസീ തീർഥമോ ക്ഷേത്രത്തിലെ തീർഥമോ സേവിച്ചു പാരണ വിടാം.
ഗണേശ ഗായത്രികൾ
ഏക ദന്തായ വിദ് മഹേ 
വക്രതുണ്ഡായ ധീമഹി 

തന്നോ ദന്തിഃ പ്രചോദയാത് (ഉദിഷ്ഠ കാര്യസിദ്ധി ഫലം ) 
ലംബോദരായ വിദ് മഹേ 
വക്ര തുണ്ഡായ ധീമഹി 
തന്നോ ദന്തിഃ പ്രചോദയാത് (വിഘ്നനിവാരണം ഫലം)

വിനായക ചതുർഥിയും ചന്ദ്രനും
വിനായക ചതുർഥി ദിനത്തിൽ ചന്ദ്രനെ ദർശിക്കാൻ പാടില്ല. അതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ പിറന്നാൾ സദ്യയുണ്ട് എഴുന്നേൽക്കാൻ ശ്രമിച്ച ഗണപതിഭഗവാൻ അടിതെറ്റി വീണു. ഇതു കണ്ട് ചന്ദ്രൻ കളിയാക്കി ചിരിച്ചു. അതിൽ കൊപിഷ്ഠനായി ‘ഇന്നേ ദിവസം നിന്നെ ദർശിക്കുന്നവർക്കെല്ലാം ദുഷ്പേര് കേൾക്കാൻ ഇടയാവട്ടെ’ എന്ന് ഗണപതി ശപിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. അതിനാൽ ഗണേശ ചതുർഥി ദിനത്തിൽ ചന്ദ്രനെ കാണുന്നത് മാനഹാനിക്ക് ഇടയാവും എന്നൊരു വിശ്വാസം നിലനിൽക്കുന്നു.
കേതുദശാദോഷമനുഭവിക്കുന്നവർ ദോഷപരിഹാരമായി വിനായകചതുർഥി ദിനത്തിൽ ഗണേശ പൂജ, ഗണപതിഹോമം എന്നിവ നടത്തിയാൽ അതിവേഗ ഫലസിദ്ധി ലഭിക്കും.


Source link

Related Articles

Back to top button