‘പാമ്പിനെക്കൊണ്ട് കൊത്തിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി’; നിവിൻ പോളിക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി

കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ പീഡനപരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. നടനടക്കമുള്ളവർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കേസില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി. നിവിനെതിരെ ഊന്നുകല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പീഡന പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ശ്രേയ, എ.കെ സുനില്‍, ബിനു, ബഷീര്‍, കുട്ടന്‍, നിവിന്‍ പോളി എന്നിവരാണ് കേസിലെ പ്രതികള്‍. കഴിഞ്ഞ നവംബറില്‍ ദുബായില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്. ദുബായിൽ നഴ്‌സായി ജോലി ചെയ്യുകയാണ് പരാതിക്കാരി.
‘ഇവരുടെ സുഹൃത്തായ ശ്രേയ എന്ന പെൺകുട്ടി മുഖാന്തരം യൂറോപ്പിലേയ്ക്ക് പോകാൻ ഏജൻസി വഴി വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് മൂന്നുലക്ഷം രൂപ വാങ്ങി. സമയം കഴിഞ്ഞും വിസ ലഭിക്കാതിരുന്നതോടെ അന്വേഷിച്ചപ്പോൾ പ്രൊഡ്യൂസറായ എ കെ സുനിലിനെ പരിചയപ്പെടുത്തി. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ദുബായിൽ വച്ചാണ് പരിചയപ്പെടുത്തിയത്.
സുനിലുമായി വാക്കുതർക്കം ഉണ്ടായപ്പോൾ നിവിൻ പോളിയടക്കമുള്ളവർ ഇയാളുടെ ഗുണ്ടകളായി സ്ഥലത്തെത്തി. തുടർന്ന് എന്നെ പൂട്ടിയിട്ട് മയക്കുമരുന്ന് കലർത്തിയ വെള്ളം തന്ന് പീഡിപ്പിച്ചു. വീഡിയോ ഡാർക്ക് വെബ്ബിലിടുമെന്ന് ഭീഷണിപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെ ആക്രമിച്ചു. വണ്ടി ഇടിപ്പിച്ചുകൊല്ലുമെന്നും പാമ്പിനെക്കൊണ്ട് കൊത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. സഹിക്കാൻ പറ്റാതെയായപ്പോഴാണ് പരാതി കൊടുത്തത്.
എന്റെയും ഭർത്താവിന്റെയും ചിത്രം ചേർത്ത് ഹണി ട്രാപ്പ് ദമ്പതികളെന്ന തരത്തിൽ പ്രചരിപ്പിച്ചു. നാട്ടിലെ വീട്ടിൽ ബെഡ്‌റൂമിൽ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി. ഭർത്താവിന്റെ ഫോൺ ഹാക്ക് ചെയ്തു. നിവിൻ പോളിയുടെ ആരാധകരെ ഉപയോഗിച്ച് വീട് ആക്രമിക്കുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി’- പരാതിക്കാരി വ്യക്തമാക്കി.
Source link