KERALAMLATEST NEWS

തിരുവനന്തപുരത്തെ തേടി ആഗോള ഭീമന്മാർ കൂട്ടത്തോടെ എത്തുന്നു, മറ്റൊരു ഇന്ത്യൻ നഗരത്തിനുമില്ലാത്ത പ്രത്യേകതകൾ

തിരുവനന്തപുരം: ഇന്ത്യയിലെ വൻ നഗരങ്ങളെ പിന്നിലാക്കി വികസന കുതിച്ചുചാട്ടത്തിന് തുടക്കമിട്ട് തിരുവനന്തപുരം. ആഗോള ഓട്ടോമോട്ടീവ് കമ്പനികളുടെ ഗവേഷണ വികസന കേന്ദ്രമായി തിരുവനന്തപുരം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മറ്റൊരു നഗരത്തിനുമില്ലാത്ത അനുകൂല സാഹചര്യമാണിതെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്കായ ടെക്‌നോപാർക്ക് കേന്ദ്രീകരിച്ചാണ് വൻകിട കമ്പനികൾ എത്തുന്നത്. നവംബറിൽ തിരുവനന്തപുരം ആഗോള ഓട്ടോമോട്ടീവ് കോൺക്ലേവിന് ആതിഥേയത്വം വഹിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാന ജില്ലയെ ഒരു ആഗോള ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ടെക്‌നോപാർക്കിൽ ‘അസിയ ടെക്നോളജീസിന്റെ’ ആഗോള ആസ്ഥാനവും ഗവേഷണ വികസന കേന്ദ്രവും ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനങ്ങൾ.

ഡിജി​റ്റൽ കോക്പി​റ്റുകളും ഡിസ്‌പ്ലേകളും, ഇമൊബിലി​റ്റി, ടെലിമാ​റ്റിക്സ് എന്നിവയിൽ വൈദഗ്ധ്യമുള്ള ഓട്ടോമോട്ടീവ് സോഫ്​റ്റ്‌വെയറിലെ ആഗോള ഭീമനാണ് അസിയ ടെക്‌നോളജീസ്.ഓട്ടോമോട്ടീവ് രംഗത്തെ ആഗോള ഭീമന്മാരായ dSPACE,നിസാൻ ഡിജിറ്റൽ (Nissan Digital) എന്നീ കമ്പനികൾ തിരുവനന്തപുരത്തിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചതായി അസിയയുടെ സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.

ലോകമെമ്പാടും ഓട്ടോമോട്ടീവ് പ്രമുഖർക്കുള്ള സിമുലേഷൻ, വാലിഡേഷൻ സൊല്യൂഷൻ എന്നിവയിലെ ടെക്‌നോളജി ലീഡറായ dSPACE (ഡിജി​റ്റൽ സിഗ്നൽ പ്രോസസിംഗ് ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ്) ഏഷ്യയിലെ തങ്ങളുടെ ആദ്യത്തെ കേന്ദ്രം സ്ഥാപിക്കാൻ തിരഞ്ഞെടുത്തത് തിരുവനന്തപുരത്താണ്. ജർമ്മനിയിലും ക്രൊയേഷ്യയിലുമാണ് കമ്പനിയുടെ മ​റ്റ് കേന്ദ്രങ്ങൾ .

2030 ആവുന്നതോടെ സോഫ്ട്‌വെയർ, ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുകൾ (ECUs), സെൻസറുകൾ എന്നിവയുടെ വിപണി 320 ബില്യൺ ഡോളർ കവിയുമെന്നാണ് കണക്കാക്കുന്നത്. അതിവേഗം വളരുന്ന ഈ വ്യവസായത്തിന് നവീകരണവും വൈദഗ്ദ്ധ്യവും അത്യാവശ്യമാണ്. ടെക്‌നോപാർക്ക് പ്രധാന നഗരങ്ങളിലേക്കും ആഗോള വിപണികളിലേക്കും മികച്ച കണക്ടിവിറ്റി വാഗ്‌ദാനം നൽകുന്നു എന്നാണ് ജിജിമോൻ പറയുന്നത്. തിരുവനന്തപുരം ഇപ്പോൾതന്നെ ബഹിരാകാശ പേടകങ്ങളുടെയും അത്യാധുനിക പ്രതിരോധ ഉപകരണങ്ങളുടെ വികസനത്തിലും ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരുടെ ആസ്ഥാനം കൂടിയാണ്.

നിസാൻ ഡിജിറ്റൽ, ടാറ്റ എൽഎക്സസി തുടങ്ങിയ ഓട്ടോമോട്ടീവ് കമ്പനികളുടെ സാന്നിദ്ധ്യമാണ് തങ്ങളെ തിരുവനന്തപുരം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് dSPACE മാനേജിംഗ് ഡയറക്ടർ ഫ്രാങ്ക്ലിൻ ജോർജ് പറയുന്നത്. കഴിവുള്ള മനുഷ്യ വിഭവശേഷി, മികച്ച ഇൻഫ്രാസ്ട്രക്ചർ, സർക്കാർ പിന്തുണ എന്നിവയും തീരുമാനമെടുക്കാനുള്ള കാരണങ്ങളാണെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. കൂടുതൽ ആഗോള കമ്പനികൾ എത്തുന്നതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നും കണക്കാക്കുന്നുണ്ട്.


Source link

Related Articles

Back to top button