തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് പിവി അൻവർ എംഎൽഎ. ഉന്നയിച്ച പരാതികളിൽ തനിക്ക് ഒരുറപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടശേഷമാണ് അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ടത്. എഡിജിപി എംആർ അജിത് കുമാർ ഉൾപ്പടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികളും അദ്ദേഹം എംവി ഗോവിന്ദനെ അറിയിച്ചു. മുഖ്യമന്ത്രിക്ക് ഇന്നലെ നൽകിയ പരാതിയുടെ പകർപ്പും കൈമാറി.
‘ ലക്ഷക്കണക്കിന് സഖാക്കൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. സർക്കാർ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ വികാരമാണത്. വിശ്വസിച്ച് ഏൽപ്പിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു. അൻവർ ദൈവത്തിനും പാർട്ടിക്കും മാത്രമേ കീഴടങ്ങൂ. സർക്കാരിനെ തകർക്കാനുള്ള ലോബിക്കെതിരായ വിപ്ളവമായി ഇതുമാറും. വിപ്ലവം പെട്ടെന്നുണ്ടാവില്ല. തെളിവുകളിലേക്കുളള സൂചനാ തെളിവാണ് കൊടുത്തത്. വിശദമായി അന്വേഷിച്ച ശേഷമാണ് ഞാൻ കാര്യങ്ങൾ പറഞ്ഞത്. പൊലീസ് എന്തിന് തൃശൂർ പൂരം കലക്കുന്നു?.
ആരോപണങ്ങൾ അന്വേഷിച്ചുകണ്ടെത്താൻ കേരള പൊലീസിന് കഴിയും. അന്വേഷണം ആരംഭിക്കാനിരിക്കുന്നതല്ലേയുള്ളൂ. അതിനാൽ അന്വേഷണ സംഘത്തെ മാറ്റണമെന്ന് ഇപ്പോൾ ആവശ്യപ്പെടില്ല. അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നുതോന്നിയാൽ അപ്പോൾ ഇടപെടും. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയാണ് പാർട്ടി സെക്രട്ടറിക്കും കൊടുത്തത്.
ഞാൻ എലിയായാലും പൂച്ചയായാലും ഉയർത്തിയ വിഷയവുമായി സമൂഹത്തിന് മുന്നിലുണ്ടാവും. എലി അത്ര മോശം ജീവിയല്ലല്ലോ.ഒരു വീട്ടിൽ എലിയുണ്ടെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടുണ്ടാവും. എഡിജിപിയെ മാറ്റുന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാരും മുഖ്യമന്ത്രിയുമാണ് . അന്തസുള്ള പാർട്ടിയും സർക്കാരും മുഖ്യമന്ത്രിയുമാണ്. ഹെഡ് മാസ്റ്റർക്കെതിരായ പരാതി പ്യൂണല്ല പരിശോധിക്കേണ്ടത്. അങ്ങനെയുള്ള നയം ഉണ്ടാകില്ല. ഇന്നലെ പരാതി കൊടുത്തതല്ലേയുള്ളൂ. സർക്കാർ അത് പഠിക്കട്ടെ. മാദ്ധ്യമങ്ങൾക്കുള്ള തിടുക്കം എനിക്കില്ല ‘- അൻവർ പറഞ്ഞു.
Source link