‘ലൈംഗിക ചൂഷണമുണ്ടോയെന്ന് മാത്രമാണ് ചോദിച്ചത്’; ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു വിഭാഗത്തിന്റേതെന്ന് ഭാഗ്യലക്ഷ്മി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ലെന്നും സിനിമാ മേഖലയിലെ സാധാരണ തൊഴിലാളികളുടെ ഫോൺനമ്പർ കൈമാറിയിട്ടും അവരുടെ വാക്കുകൾ കേൾക്കാൾ കമ്മിറ്റി താത്പര്യം കാണിച്ചില്ലെന്നും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ലൈംഗിക ചൂഷണമുണ്ടായോയെന്ന് മാത്രമാണ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായവരോട് അംഗങ്ങൾ ആരാഞ്ഞത്. അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ചോ ബുദ്ധിമുട്ടുകളെക്കുറിച്ചോ ചോദിച്ചില്ലെന്ന് അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു വിഭാഗത്തിന്റേതുമാത്രമാണ്. ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെയും മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും സംഘടനകളിൽനിന്ന് താനുൾപ്പെടെ നാലുപേർ മാത്രമാണ് കമ്മിറ്റിയെ കാണാൻ പോയത്. റിപ്പോർട്ട് പുറത്തുവന്നതു മുതൽ സിനിമയിലെ സകല സ്ത്രീകളെയും ഒന്നടങ്കം അപമാനിക്കുകയാണ്. ചൂഷണത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ ജസ്റ്റിസ് ഹേമ ആദ്യം പൊലീസിനെ അറിയിക്കണമായിരുന്നു.
തനിക്ക് നേരെ ഉയർന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. കൊച്ചിയിൽ യോഗം തുടങ്ങുന്നതിന് മുമ്പ് രണ്ടു പെൺകുട്ടികൾ ദേഷ്യത്തോടെ ഉറക്കെ സംസാരിക്കാൻ തുടങ്ങി. ഫെഫ്കയെ പൊളിക്കണമെന്ന അർത്ഥത്തിലായിരുന്നു സംസാരം. അവരെ വാഹനത്തിൽ എത്തിച്ചതും കൊണ്ടുപോയതും ആരെന്ന് അറിയാം. ദൃശ്യങ്ങൾ കൈയിലുണ്ട്. തെറ്റായ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകുമെന്ന് ഭാഗ്യക്ഷ്മി പറഞ്ഞു. സംഘടനാ ഭാവാഹികളായ സീമ ഹരിദാസ്, സ്വീറ്റി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Source link