തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്നില്ലെങ്കിലും മലയാളികൾക്ക് അനുഗ്രഹമായി ചെന്നൈ സെൻട്രൽ- നാഗർകോവിൽ വന്ദേഭാരത് സ്പെഷ്യൽ സർവീസ്. വളരെ കുറഞ്ഞ സമയത്തിൽ ചെന്നൈയിൽ എത്താം എന്നുള്ളതാണ് പ്രധാന പ്രത്യേകത. തിരുവനന്തപുരത്തുകാർക്കാണ് ഏറെ പ്രയോജനപ്പെടുക.
തിരുവനന്തപുരത്തുനിന്ന് ട്രെയിനിൽ നാഗർകോവിലിൽ എത്തി അവിടെ നിന്ന് ഈ വന്ദേഭാരതിൽ കയറി ചെന്നെയിലെത്തിയാൽ യാത്രാസമയത്തിൽ കുറഞ്ഞത് ഏഴുമണിക്കൂർ ലാഭിക്കാനാവും. നിലവിൽ 14 മുതൽ 17 മണിക്കൂർ വരെയാണ് ചെന്നൈയിലെത്താൽ വേണ്ടത്. എന്നാൽ വന്ദേഭാരത് സ്പെഷ്യൽ ട്രെയിനിൽ ഇതിന് വെറും ഒൻപത് മണിക്കൂർ മാത്രം മതിയാവും.
ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് ചെന്നൈ സെൻട്രൽ- നാഗർകോവിൽ സർവീസ് ആരംഭിച്ചത്. ഉച്ചയ്ക്ക് 2.20 നാണ് നാഗർകോവിലിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നത്. ഇതിൽ കയറാൻ കേരളത്തിൽ നിന്നുള്ളവർ ആദ്യം നാഗർകോവിൽ റെയിൽവേസ്റ്റേഷനിൽ എത്തണം. ആവശ്യക്കാർ തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 12.05 ന് തിരിക്കുന്ന ബംഗളൂരു-കന്യാകുമാരി എക്സ്‌പ്രസിൽ കയറിയാൽ രണ്ടുമണിയോടെ നാഗർകോവിലിൽ എത്താം. നേരത്തേ എത്തുമെന്നതിനാൽ വന്ദേഭാരത് സ്റ്റേഷൻ വിടുമോ എന്ന പേടിയും വേണ്ട. 2.20 ന് തിരിക്കുന്ന വന്ദേഭാരത് ഏഴുമണിക്കൂർ കൊണ്ട് ചെന്നൈയിലെത്തും. തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിൽ എത്താനെടുക്കുന്ന സമയം ഉൾപ്പടെ നോക്കിയാലും വൻ ലാഭം തന്നെ.
തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിൽ എത്താൻ മറ്റുരണ്ടുട്രെയിനുകൾ കൂടിയുണ്ട്. രാവിലെ 9.10ന് പുറപ്പെടുന്ന പൂനൈ- കന്യാകുമാരി എക്സ്‌പ്രസും 11.35 ന് പുറപ്പെടുന്ന തിരുവനന്തപുരം തിരിച്ചറപ്പള്ളി ഇന്റർസിറ്റി എക്സ്‌പ്രസും. ഉച്ചയ്ക്ക് പന്ത്രണ്ടര കഴിയുന്നതോടെ ഇവ നാഗർകോവിലിൽ എത്തും.
Source link