KERALAMLATEST NEWS

അന്യസംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായെത്തുന്നു; സൂക്ഷിച്ചില്ലെങ്കിൽ പതിനായിരം രൂപ പോകും

കോഴിക്കോട്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ തുരത്താൻ നടപടികൾ ശക്തമാക്കുമ്പോഴും വിപണിയിൽ സുലഭം. സഞ്ചികളും പ്ലാസ്റ്റിക്കുകളും പല രൂപത്തിലും ഭാവത്തിലും കടകളിലും സൂപ്പർ മാർക്കറ്റുകളിലും ലഭ്യമാണ്.

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളി മരിച്ച സംഭവത്തിന് ശേഷം പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഉത്തരവ് കാറ്റിൽ പറത്തിയാണ് ഇത്തരത്തിലുള്ള കച്ചവടം നടക്കുന്നത്.

ഓണ വിപണി ആരംഭിച്ചതോടെ പ്ലാസ്റ്റിക്കിന്റെ വിപണിയും കൂടിയിട്ടുണ്ട്. തുണിത്തരങ്ങളും ചെരിപ്പുകളും പഴങ്ങളും പച്ചക്കറികൾ തുടങ്ങിയവയെല്ലാം പൊതിഞ്ഞു നൽകുന്നത് ഇത്തരം കവറുകളിലാണ്.

വരും ദിവസങ്ങളിൽ പൂവിപണിയിലുൾപ്പെടെ വൻതോതിൽ പ്ലാസ്റ്റിക് സഞ്ചികൾ വ്യാപിക്കാനാണ് സാദ്ധ്യത. കാതുള്ള പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരമായി സാധനം പൊതിഞ്ഞുനൽകുന്ന കാതില്ലാത്ത പ്ലാസ്റ്റിക് സഞ്ചികളും സുലഭമാണ്.

2020 ജനുവരി 27-ലെ പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് പ്രകാരം പഴം, പച്ചക്കറി എന്നിവ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞുവിൽക്കുന്നത് നിരോധിച്ചതാണ്. 10,000 രൂപയാണ് പിഴയായി ചുമത്തുന്നത്. കേരളത്തിൽ ഇവ ഉത്പാദിപ്പിക്കുന്നില്ലെങ്കിലും ഇതര സംസ്ഥാനങ്ങളിൽനിന്നാണ് എത്തുന്നത്. പരിശോധനയുള്ളപ്പോൾ പൂഴ്ത്തിവയ്ക്കുകയും അല്ലാത്തപ്പോൾ വിൽക്കുകയും ചെയ്യുന്നതാണ് രീതി.

പരിശോധന ശക്തം

കോർപ്പറേഷനിൽ ആരോഗ്യ വിഭാഗം എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിലുള്ള മൂന്ന്സ്ക്വാഡുകൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മാത്രമല്ല 21 സർക്കിളുകളിലും ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലും പരിശോധന നടക്കുന്നുണ്ട്. കൂടാതെ നെെറ്റ് സ്ക്വാഡും പരിശോധനയ്ക്കുണ്ട്. ഓണം അടുത്തതോടെ സർക്കിളുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. ഇതോടൊപ്പം ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലും പരിശോധന നടക്കുന്നുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തുടർച്ചയായി മൂന്ന് തവണ നിരോധിത ഉത്പ്പന്നങ്ങൾ കണ്ടെത്തിയാൽ 50,000 രൂപ പിഴയും കടയുടെ ലൈസൻസ് റദ്ദാക്കലുമാണ് ശിക്ഷ.

 ഇവ പാടില്ല

പ്ലാസ്റ്റിക് കൊണ്ടുള്ള ക്യാരിബാഗ്, ഷോപ്പിംഗ് ബാഗ്, പ്ലാസ്റ്റിക് ഗ്ലാസ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റ്, സ്ട്രോ, സ്പൂൺ, തെർമോക്കോളോ സ്റ്റിറോഫോമോ ഉപയോഗിച്ച് നിർമ്മിച്ച പ്ലേറ്റ്, കപ്പ്, അലങ്കാര വസ്തുക്കൾ, 500 മില്ലിലീറ്ററിൽ താഴെ ശുദ്ധജലം പാക്ക് ചെയ്ത കുപ്പി, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, പിവിസി ഫ്ലെക്സ് വസ്തുക്കൾ, പ്ലാസ്റ്റിക് ആവരണമുള്ള തുണികൾ.


Source link

Related Articles

Back to top button