പിന്നിൽ ദൈവം മാത്രം
തിരുവനന്തപുരം: പി. ശശിക്കും അജിത്കുമാറിനുമെതിരെ അതിഗുരുതര ആരോപണമുന്നയിച്ച പി.വി. അൻവർ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ ആയുധം വച്ച് കീഴടങ്ങി. മുഖ്യമന്ത്രിയോട് എല്ലാം വിശദീകരിച്ചു. ഇനിയെല്ലാം അദ്ദേഹവും പാർട്ടിയും തീരുമാനിക്കുമെന്ന് ആരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം അൻവർ പറഞ്ഞു.
പാർട്ടി സംസ്ഥാന സെക്രട്ടറിയെയും കാണും. സഖാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്വം അതോടെ പൂർത്തിയാവും. തന്റെ പിന്നിൽ സർവശക്തമായ ദൈവം മാത്രമാണെന്നും മാദ്ധ്യമങ്ങളോട് അൻവർ പറഞ്ഞു. കാര്യങ്ങൾ ശ്രദ്ധയോടെ കേട്ട മുഖ്യമന്ത്രി ചിലതിൽ വിശദീകരണം ചോദിച്ചു. എഴുതിക്കൊടുക്കേണ്ടത് എഴുതിക്കൊടുത്തു. സത്യസന്ധമായ അന്വേഷണം നടക്കും. അന്വേഷണ സംഘവുമായി സഹകരിക്കുകയെന്നതാണ് ഇനിയുള്ള ഉത്തരവാദിത്വം.
അജിത്കുമാറിനെ
മാറ്റണമെന്ന് പറയില്ല
എം.ആർ. അജിത്കുമാറിനെ മാറ്റിനിറുത്തണമെന്ന് പറയുന്ന ആളല്ല ഞാൻ. കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയെന്ന ഉത്തരവാദിത്വം കാണിച്ചു. ക്രമസമാധാന എ.ഡി.ജി.പിയായി അജിത്‌കുമാർ തുടരുമ്പോൾ സത്യം തെളിയുമോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നായിരുന്നു അൻവറിന്റെ മറുപടി.
പൊലീസിലെ ഒരു വിഭാഗത്തിന്റെ പെരുമാറ്റം പാർട്ടിക്കും സർക്കാരിനും പ്രതിസന്ധികൾ ഉണ്ടാക്കി. പൊലീസിന്റെ പ്രവർത്തനരീതിയും അവരിൽ നിന്ന് ജനങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടും പൊലീസിലെ പുഴുക്കുത്തും അഴിമതിയുമാണ് ചൂണ്ടിക്കാട്ടിയത്. നടപടിയെടുക്കേണ്ടത് കമ്മ്യൂണിസ്റ്റ് സർക്കാരാണ്. അവർക്ക് ജനങ്ങളുടെ വികാരമറിയാം.
Source link