‘പോരാട്ടത്തിന് ഇറങ്ങിയത് സഖാവെന്ന നിലയിൽ’; പിന്നിൽ സർവ്വശക്തനായ ദൈവം മാത്രമാണെന്ന് അൻവർ
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയടക്കം താൻ ഉന്നയിച്ച ആരോപണങ്ങളിൽ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. ഉന്നയിച്ച ആരോപണങ്ങൾ പരാതിയായി മുഖ്യമന്ത്രിക്ക് എഴുതിനൽകി. പോരാട്ടത്തിന് ഇറങ്ങിയത് സഖാവെന്ന നിലയിലാണെന്നും തന്റെ പിന്നിൽ സർവ്വ ശക്തനായ ദൈവം മാത്രമാണെന്നും അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അൻവർ.
‘മുഖ്യമന്ത്രിയെ കണ്ട് വിശദമായി കാര്യങ്ങൾ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങൾ എത്തിച്ചു. സത്യസന്ധമായ അന്വേഷണം നടക്കും. പാർട്ടി സെക്രട്ടറിക്കും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകും. ഒരു സഖാവെന്ന നിലയിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. അന്വേഷണ ഏജൻസികളുമായി സഹകരിക്കും. എല്ലാ കാര്യങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്തു. അജിത് കുമാറിനെ മാറ്റുക എന്നത് എന്റെ ഉത്തരവാദിത്തം അല്ല. ആരെ മാറ്റണം എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. പരാതി നോക്കിയേ ഉള്ളൂ. ആര് മാറണം എന്ന് എനിക്ക് പറയാൻ പറ്റില്ല’- അൻവർ വ്യക്തമാക്കി.
Source link