ഇപി ജയരാജനെതിരായ നടപടി: മുഖ്യമന്ത്രിയോടും പാര്‍ട്ടി സെക്രട്ടറിയോടും ചോദ്യങ്ങളുമായി എംഎം ഹസന്‍

ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയ മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും ഗുരുതര മാഫിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, എഡിജിപി അജിത് കുമാര്‍ എന്നിവര്‍ക്കതെതിരെ നടപടിയെടുക്കാത്തതിലെ പൊരുത്തേക്കേടും ചൂണ്ടിക്കാട്ടി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ രംഗത്ത്.
തൃശ്ശൂര്‍ പൂരം കലക്കി സുരേഷ് ഗോപിക്ക് വിജയവീഥി തെളിച്ച എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുക്കാതെ ബിജെപി ബന്ധത്തിന്റെ പേരില്‍ ഇപി ജയരാജനെതിരെ മാത്രം നടപടിയെടുത്തത് മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനല്ലെയെന്ന് എംഎം ഹസന്‍ ചോദിച്ചു. പി ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും എന്തുകൊണ്ട് നീക്കുന്നില്ല.
പ്രകാശ് ജാവഡേക്കറെ ഇ പി ജയരാജന്‍ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതമില്ലാതെയാണോ കണ്ടതെന്ന് ചോദിച്ച യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, ഈ വാര്‍ത്തപുറത്ത് വന്നിട്ട് ഇത്രയും നാള്‍ ജയരാജനെതിരെ മുഖ്യമന്ത്രി ഒരക്ഷരം പോലും പറയാതിരുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനുമായി നല്ല സൗഹൃദബന്ധമുള്ള ആളാണ് ഞാന്‍. ഇടയ്ക്കിടെ ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുമ്പോള്‍ സൗഹൃദം പുതുക്കാറുണ്ട്.
അദ്ദേഹത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കിയപ്പോള്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനോട് ജയരാജന്‍ ചോദിച്ചത് ‘പ്രകാശ് ജാവഡേക്കറെ കണ്ടതാണോ പ്രശ്നം’ എന്നായിരുന്നു എന്ന് പത്രവാര്‍ത്തകള്‍ ഉണ്ടായിരുന്നു.
തന്നെ അപമാനിക്കരുതെന്നും, രാഷ്ട്രീയം തന്നെ അവസാനിപ്പിക്കാന്‍ ഒരുക്കമാണെന്നും, വികാരഭരിതനായി ജയരാജന്‍ പറഞ്ഞതായും, തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ അദ്ദേഹം തലസ്ഥാനം വിട്ടു എന്നുമായിരുന്നു വാര്‍ത്ത.
ഈ അവസരത്തില്‍ മുഖ്യമന്ത്രിയോടും പാര്‍ട്ടി സെക്രട്ടറിയോടും ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ.
1. പ്രകാശ് ജാവഡേക്കറെ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇ പി ജയരാജന്‍ കണ്ടതെങ്കില്‍ ഇത്രയും കാലം എല്‍ഡിഎഫ് കണ്‍വീനറായി തുടരാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നോ? ജാവഡേക്കര്‍ – ഈ പി സന്ദര്‍ശന വാര്‍ത്തകള്‍ പുറത്തുവരുന്നതുവരെ മുഖ്യമന്ത്രി ജയരാജനെതിരെ ഒരക്ഷരം പോലും പറയാതിരുന്നതിന്റെ കാരണം എന്താണ്?
2. സിപിഎം ബിജെപി അന്തര്‍ധാരയുടെ ഭാഗമായി തൃശ്ശൂര്‍ പൂരം കലക്കി സുരേഷ് ഗോപിക്ക് വിജയവീഥി തെളിച്ച എഡിജിപി അജിത് കുമാറിനെതിരെ ഒരു നടപടി പോലും സ്വീകരിക്കാത്തവര്‍, ജയരാജനെ ബലിയാടാക്കുന്നത് മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാന്‍ അല്ലേ?
3. ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്നും നീക്കാം എങ്കില്‍, പി ശശിയെ എന്തുകൊണ്ട് പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തിക്കൂട എന്ന്, മാര്‍ക്സിസ്റ്റ് നേതാക്കള്‍ തന്നെ രഹസ്യമായി ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം ഉണ്ടോ?
4. പോലീസ് സേനയിലെ പുഴുക്കുത്തുകളെ സേനയില്‍ നിന്നും ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും നിന്നും നീക്കാന്‍ മടിക്കുന്നത് എന്തുകൊണ്ട്?
Source link