‘ഒളിക്യാമറ ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെ മോഹൻലാൽ വിളിച്ചു; അന്വേഷണസംഘം കാര്യങ്ങളിൽ വ്യക്തത തേടിയെന്ന് രാധിക

ചെന്നെെ: മലയാള സിനിമാ സെറ്റിലെ കാരവനിൽ ഒളിക്യാമറയുണ്ടെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെ അന്വേഷണസംഘം കാര്യങ്ങളിൽ വ്യക്തത തേടി വിളിച്ചതായി നടി രാധിക ശരത്‌കുമാർ. തമിഴ് സിനിമാ മേഖലയിൽ ഇത്തരത്തിൽ ഒരു അന്വേഷണ സമിതി രൂപീകരിക്കണമെന്നും രാധിക ആവശ്യപ്പെട്ടു.
‘എന്റെ സിനിമയുടെ സെറ്റിലാണോ ഇത്തരത്തിലൊരു അനുഭവം ഉണ്ടായതെന്ന് ചോദിച്ച് മോഹൻലാൽ വിളിച്ചിരുന്നു. ആ സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവർ കണ്ടതെന്ന് മനസിലാക്കിയതോടെ ഞാൻ ബഹളം വച്ചു. നിർമാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്പ്പിച്ചു. വർഷങ്ങൾക്ക് മുൻപുള്ള സംഭവങ്ങൾ വിളിച്ചുപറഞ്ഞ് വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നാണ് ചിലർ ചോദിക്കുന്നത്. എന്റെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾക്കെതിരെ ഞാൻ അപ്പോൾ തന്നെ പ്രതികരിച്ചിട്ടുണ്ട്. അനാവശ്യ വിവാദമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല’,- രാധിക വ്യക്തമാക്കി.
തമിഴ് സിനിമയിലെ ഉന്നതനായ താരം ഒരു യുവനടിക്ക് നേരെ ലെെംഗികാതിക്രമം നടത്തിയെന്നും രാധിക വെളിപ്പെടുത്തി. ചെന്നെെയിൽ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തൽ. യുവനടിക്ക് നേരെ അതിക്രമമുണ്ടായി. നടൻ മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്റെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായതെന്നും രാധിക പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും നടി കൂട്ടിച്ചേർത്തു.
Source link