KERALAMLATEST NEWS

‘തൃശൂർ പൂരം അലങ്കോലമാക്കിയതിൽ എഡിജിപിക്ക് പങ്കുണ്ടോ എന്നറിയില്ല’; അൻവർ പറഞ്ഞ വിവരമേ ഉള്ളുവെന്ന് സുനിൽകുമാർ

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുൻ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനിൽകുമാർ. എന്നാൽ ഇക്കാര്യത്തിൽ എഡിജിപി അജിത്കുമാറിന് പങ്കുണ്ടോ എന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സുനിൽകുമാർ വ്യക്തമാക്കി. തൃശൂർ പൂരം കലക്കി സുരേഷ് ഗോപിക്ക് വഴിവെട്ടിയത് അജിത്കുമാറാണെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ ഫേസ്ബുക്കിൽ ആരോപിച്ചിരുന്നു. ഈ ആരോപണത്തിലാണ് വിഎസ് സുനിൽകുമാർ ഇപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

‘പൊലീസിന് വീഴ്ചപറ്റിയെന്ന കാര്യം ഞാൻ അന്ന് ആരോപിച്ചതാണ്. എന്നാൽ എഡിജിപി അജിത്കുമാറിന് പങ്കുണ്ടോ എന്ന കാര്യത്തിൽ എനിക്ക് വ്യക്തമായ വിവരമൊന്നുമില്ല. അൻവർ പറഞ്ഞ കാര്യങ്ങളല്ലാതെ എന്റെ കയ്യിൽ തെളിവുകളൊന്നുമില്ല. തൃശൂർ പൂരം അലങ്കോലമാക്കിയതിന്റെ പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തിനായുള്ള ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന കാര്യം സത്യമാണ്.

പകൽപ്പൂരം നടത്തിപ്പിൽ ഒരു പരാതിയും ഉണ്ടായിട്ടില്ല. എന്നാൽ രാത്രി മേളം നിർത്തിവയ്ക്കാൻ പറയുക, ലൈറ്റ് ഓഫ് ചെയ്യാൻ പറയുക, വെടിക്കെട്ട് നടത്തിക്കില്ല എന്ന് പറയുന്ന നാടകീയമായ നിലപാട് ഉണ്ടാവുകയും ഒരു ചടങ്ങുകളിലും പങ്കെടുക്കാത്ത ബിജെപി സ്ഥാനാർത്ഥി ആർഎസ്എസ് നേതാക്കളുമായി പ്രത്യക്ഷപ്പെടുകയും ചെയ്തു എന്നത് കൂട്ടിവായിക്കുമ്പോൾ അതിന്റെ രാഷ്ട്രീയ ഗൂഢാലോചന എല്ലാവർക്കും മനസിലാകും’- സുനിൽ കുമാർ പറഞ്ഞു.

പൂരം അലങ്കോലപ്പെടുത്തിയത് സർക്കാരാണെന്നും അതിന് പിന്നിൽ എൽഡിഎഫ് ആണെന്ന തരത്തിലുള്ള പ്രചരണവും പിന്നാലെയുണ്ടായി. അന്ന് അവിടെയുണ്ടായിരുന്ന ആർഎസ്എസ് നേതാക്കളും ബിജെപി സ്ഥാനാർത്ഥിയും എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ജനവികാരം ഉയർത്താൻ ശ്രമിച്ചു. പൂരം കലക്കിയത് യാദൃശ്ചികമായി സംഭവിച്ച ഒരു കാര്യമല്ല. പൂരം അലങ്കോലമാക്കിയതിൽ ഞാൻ അടക്കമുള്ളവരെ പലരും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്’- വിഎസ് സുനിൽ കുമാർ പറഞ്ഞു.

അതേസമയം, തൃശൂർ പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച് പിവി അൻവർ പങ്കുവച്ച പോസ്റ്റ് വലിയ ചർച്ചയായിരുന്നു. തൃശൂർ പൂരം കലക്കി ബിജെപിക്ക് വഴി വെട്ടി കൊടുത്തതാര്? എന്ന് തുടങ്ങുന്ന പോസ്റ്റായിരുന്നു അത്. തൃശൂർ പൂരം കലക്കിയതിന് പിന്നിൽ എഡിജിപി അജിത്കുമാറാണെന്നായിരുന്നു അൻവർ ഈ പോസ്റ്റിലൂടെ പറഞ്ഞുവച്ചത്. താരതമ്യേന ജൂനിയറായ എസിപി അങ്കിത് അശോക് സ്വന്തം താൽപര്യപ്രകാരം ഇങ്ങനെ ഒരു വിവാദത്തിൽ ഇടപെടുമെന്ന് നിങ്ങൾ ഇന്നും കരുതുന്നുണ്ടോ നിഷ്‌ക്കളങ്കരേ’ സുരേഷ് ഗോപിക്ക് വഴി വെട്ടിയത് ആരാണെന്ന് ഇനി ഞാനായി പ്രത്യേകിച്ച് പറയുന്നില്ല എന്നായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്.


Source link

Related Articles

Back to top button