KERALAMLATEST NEWS

‘എനിക്ക് രണ്ട് പെൺമക്കളാണുള്ളത്’; തമിഴ് സിനിമയിലെ ലൈംഗികാതിക്രമങ്ങളിൽ പ്രതികരിച്ച് പ്രശസ്ത സംവിധായകൻ

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തമിഴ് സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളിൽ പ്രതികരിച്ച് പ്രശസ്ത തമിഴ് സംവിധായകൻ വെങ്കട് പ്രഭു. സൂപ്പർ ഹിറ്റ് അജിത് ചിത്രം മങ്കാത്തയുടെയും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ഗോട്ടിന്റെയും സംവിധായകനാണ് വെങ്കട് പ്രഭു. തമിഴ് സിനിമാ മേഖല ആരോപണങ്ങളിൽ വ്യക്ത വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി സംവിധായകൻ അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എനിക്ക് രണ്ട് പെൺമക്കളാണുള്ളത്. സ്ത്രീകൾക്ക് സുരക്ഷിതമായ ഇടങ്ങൾ ഉണ്ടാവണം. തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷാ നടപടികൾ ശക്തമാക്കണം. തുടർന്നും അത്തരം പ്രവൃത്തികൾ ചെയ്യാൻ അവർ ഭയക്കണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മീഡിയ, ഐടി, സ്പോട്‌സ് ഉൾപ്പെടെ എല്ലാ മേഖലകളിലും നടക്കുന്നുണ്ട്. സിനിമാ മേഖല എപ്പോഴും മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതിനാൽ ഇത്തരം വാർത്തകൾ പെട്ടെന്ന് പ്രചരിക്കും’- വെങ്കട് പ്രഭു വ്യക്തമാക്കി.

ഗാനരചയിതാവായ വൈരമുത്തു, നടൻ രാധ രവി എന്നിവർക്കെതിരായി ഗായിക ചിന്മയി ആരോപിച്ച ലൈംഗികാരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിലും സംവിധായകൻ പ്രതികരിച്ചു. കേസുകൾ പരിശോധിക്കാനുള്ള നടപടികൾ തമിഴ് സിനിമാ മേഖല ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതിനിടെ വെങ്കട് പ്രഭുവിന്റെ പ്രതികരണത്തെ വിമർശിച്ച് ചിന്മയി രംഗത്തെത്തി. ‘ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് വെങ്കട് പ്രഭു. എന്നാൽ സിനിമാ മേഖല ഇത്തരം ആരോപണങ്ങളിൽ നടപടികൾ സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞത് തെറ്റാണ്. ഫിലിം എംപ്ളോയീസ് ഫെഡറേഷൻ ഒഫ് സൗത്ത് ഇന്ത്യ (എഫ് ഇ എഫ് എസ് ഐ) ഒന്നും ചെയ്യുന്നില്ല. തൊഴിലിടങ്ങൾ സ്ത്രീ സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നിർദേശവും നൽകിയിട്ടില്ല’- ഗായിക പറഞ്ഞു. ആരോപണങ്ങൾ വൈരമുത്തു നിഷേധിച്ചിരുന്നു. തനിക്കെതിരായി ഔദ്യോഗികമായി പരാതി നൽകിയാൽ നിയമപരമായി നേരിടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


Source link

Related Articles

Back to top button