എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണത്തിന് പ്രത്യേക സംഘം; താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരും സംഘത്തിൽ

എഡിജിപി എംആർ അജിത് കുമാർ ഫോട്ടോ: കേരളകൗമുദി

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. സർക്കാർ പ്രഖ്യാപിച്ച അന്വേഷണ സംഘത്തിൽ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. കോട്ടയത്ത് സംഘടിപ്പിച്ച കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ശേഷം പതിനൊന്ന് മണിക്കൂറിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്.

പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും വിശദമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എം.ആർ അജിത് കുമാർ വ്യക്തമാക്കിയത്. എന്നാൽ തീരുമാനം വന്നപ്പോൾ അന്വേഷണം സംഘം മാത്രം.

ആരോപണങ്ങൾ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമായിട്ടും ആരോപണ വിധേയരായ എഡിജിപി എം.ആർ അജിത് കുമാറിനെയും അവധിയിലുള്ള പത്തനംതിട്ട എസ്പി എസ്.സുജിത് ദാസിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞില്ല. രണ്ടു പൊലീസ് ഓഫീസർമാർക്കെതിരെയും അന്വേഷണം നടത്തുമെന്ന് കോട്ടയത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ അജിത്കുമാറിനെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

തുടർന്ന് സസ്‌പെൻഷനും സ്ഥാനചലനവും ഉൾപ്പെടയുള്ള നടപടി ഉണ്ടാകുമെന്ന നിലവന്നു. എന്നാൽ രാത്രിയോടെ മൂവരെയും പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയിൽനിന്നുണ്ടായത്. അജിത്തിനെ മാറ്റേണ്ട എന്ന് തീരുമാനിച്ചു. പത്തനംത്തിട്ട എസ്.പി സുജിത് ദാസിനെതിരെയുള്ള നടപടി സ്ഥലംമാറ്റത്തിലൊതുക്കി.

പത്തനംത്തിട്ട എസ്പിയായിരുന്ന സുജിത്ത് ദാസിനെഇന്നലെ സ്ഥലം മാറ്റിയെങ്കിലും പകരം നിയമനം നൽകിയിട്ടില്ല. സുജിത്ത് സംസ്ഥാന പൊലീസ് മേധാവി മുൻപാകെ ഹാജരാകണമെന്നും ഉത്തരവിലുണ്ട്. വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ( 1 ) സൂപ്രണ്ടായ വി.ജി. വിനോദ് കുമാറിനെ പുതിയ പത്തനംത്തിട്ട എസ്.പിയായി നിയമിച്ചു. എഡിജിപി എം.ആർ അജിത്ത് കുമാറിനെ മാറ്റി നിറുത്തില്ലെന്നാണ് തീരുമാനമെങ്കിലും സമ്മർദ്ദമേറിയാൽ മാറ്റുമെന്നും സൂചനയുണ്ട്.

അതേസമയം,അജിത് കുമാറിന്റെ വഴിവിട്ട പ്രവൃത്തികൾക്ക് ചുക്കാൻ പിടിച്ചെന്ന് അൻവർ ആരോപിച്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും സംരക്ഷണകവചമുണ്ട്. എന്നാൽ, പി ശശിക്കെതിരെയും നടപടി വേണമെന്ന ആവശ്യം സിപിഎമ്മിലും എൽഡിഎഫിലും ശക്തമാണ്.


Source link
Exit mobile version