സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല: ആർ.എസ്.എസ്

പാലക്കാട്: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് ആർ.എസ്.എസ്. മൂന്ന് ദിവസങ്ങളിലായി നടന്ന അഖിലഭാരതീയ സമന്വയ ബൈഠക് ഇക്കാര്യം ആഴത്തിൽ ചർച്ച ചെയ്തു. ബംഗാളിലെ യുവ വനിതാഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ചയെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പെട്ടെന്ന് നീതി നടപ്പാക്കണം. സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താൻ നിയമപരമായ സംവിധാനങ്ങളുടെ ശാക്തീകരണം, ബോധവത്കരണം, കുടുംബ സംസ്‌കാരം പരിപോഷിപ്പിക്കൽ, വിദ്യാഭ്യാസം, ആത്മരക്ഷാ പദ്ധതികൾ എന്നിവ വേണമെന്ന് യോഗത്തിൽ നിർദ്ദേശങ്ങളുയർന്നു.

കഴിഞ്ഞ വർഷം എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും സംഘം മഹിളാ സമ്മേളനങ്ങൾ സംഘടിപ്പിച്ചിരുന്നു. യോഗത്തിൽ ഈ സമ്മേളനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പ് നല്കുന്ന സംവരണം പാലിക്കപ്പെടണം. വോട്ടിന് വേണ്ടി ജാതി സെൻസസ് പോലുള്ള വിഷയങ്ങളെ ഉപയോഗിക്കുന്നതിനെ ആർ.എസ്.എസ് അനുകൂലിക്കുന്നില്ല. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്ന സാഹചര്യം യോഗം ചർച്ച ചെയ്തു. അന്താരാഷ്ട്ര വിഷയമെന്ന നിലയ്ക്ക് ഇക്കാര്യത്തിൽ നയതന്ത്രപരമായ ഇടപെടൽ നടത്തണമെന്ന് ഭാരത സർക്കാരിനോട് യോഗം അഭ്യർത്ഥിച്ചു.
ഗുജറാത്തിലെ കച്ചിൽ അതിർത്തി സുരക്ഷ സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളും ചർച്ച ചെയ്തു. ആർ.എസ്.എസ് ശതാബ്ദിയോടനുബന്ധിച്ച് സാമൂഹ്യ പരിവർത്തനത്തിനായി അഞ്ചിന കർമപരിപാടി തയ്യാറാക്കിയിട്ടുണ്ട്. വഖഫ് ബോർഡിന്റെ പ്രവർത്തനം സംബന്ധിച്ച് മുസ്ലിം സംഘടനകളിൽ നിന്നുതന്നെ പരാതികൾ ഉയർന്നിട്ടുള്ള സാഹചര്യത്തിൽ നിയമം പുനഃപരിശോധിക്കുന്നതിൽ തെറ്റില്ല. സംയുക്ത പാർലമെന്ററി കമ്മിറ്റി വിഷയം പരിഗണിക്കുന്നത് സ്വാഗതാർഹമെന്നും സുനിൽ ആംബേക്കർ പറഞ്ഞു.

പത്രസമ്മേളനത്തിൽ ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം, അഖില ഭാരതീയ സഹ പ്രചാർ പ്രമുഖുമാരായ പ്രദീപ് ജോഷി, നരേന്ദ്ര കുമാർ എന്നിവരും പങ്കെടുത്തു. മൂന്ന് ദിവസങ്ങളിലായി പാലക്കാട് അഹല്യ കാമ്പസിൽ നടന്ന അഖില ഭാരതീയ സമന്വയ ബൈഠക് സർസംഘചാലക് മോഹൻ ഭഗവതിന്റെ സമാപന പ്രഭാഷണത്തോടെ അവസാനിച്ചു.


Source link
Exit mobile version