അപേക്ഷകളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്
തിരുവനന്തപുരം:വസ്തു തരം മാറ്റത്തിന് കെട്ടിക്കിടക്കുന്ന ഓൺലൈൻ അപേക്ഷകളുടെ എണ്ണം മൂന്ന് ലക്ഷത്തോടടുക്കുന്നു. വേഗത്തിൽ തീർപ്പാക്കാൻ സർക്കാർ തയ്യാറാക്കിയ പദ്ധതികൾ വേണ്ടത്ര ഫലം കണ്ടില്ല. തീർപ്പാക്കൽ വേഗത്തിലാക്കാൻ അടുത്താഴ്ച ജില്ലാ കളക്ടർമാർ വില്ലേജ് ഓഫീസർമാരുടെ യോഗം വിളിക്കും. ആഗസ്റ്ര് വരെ 1450 കോടിയാണ് തരംമാറ്റം വഴി സർക്കാരിന് കിട്ടിയ വരുമാനം.
27 ആർ.ഡി.ഒ മാർക്ക് പുറമെ 44 ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി അപേക്ഷ പരിശോധനയ്ക്ക് അധികാരം നൽകി നിയമഭേദഗതി കൊണ്ടുവന്നെങ്കിലും സ്ഥലപരിശോധന നടത്തി റിപ്പോർട്ട് നൽകേണ്ട വില്ലേജ് ഓഫീസർമാരുടെ ജോലി ഭാരം പ്രധാന തടസമായി. ഒന്നര ലക്ഷം കടലാസ് അപേക്ഷകൾ കെട്ടിക്കിടന്നതിനെക്കുറിച്ച് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് റവന്യൂമന്ത്രി കെ.രാജൻ ഇടപെട്ട് പ്രത്യേക പദ്ധതി തയ്യാറാക്കി തീർപ്പാക്കൽ വേഗത്തിലാക്കിയത്.തുടർന്ന് 2022 ജനുവരി മുതൽ അപേക്ഷകൾ ഓൺലൈൻ സംവിധാനത്തിലാക്കി. പ്രകൃതി ദുരന്തം, കാലവർഷക്കെടുതി തുടങ്ങി ഓരോ പ്രശ്നങ്ങളിലും റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടത് വില്ലേജ് ഓഫീസർമാരാണ്. റവന്യൂ റിക്കവറി നടപടികൾ ഇതിന് പുറമെ. . ലോക് സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതും അപേക്ഷ തീർപ്പാക്കൽ മന്ദഗതിയിലാക്കി. ഈ ഉദ്യോഗസ്ഥരെല്ലാം പഴയ സ്ഥലങ്ങളിൽ തിരികെയെത്തിയിട്ടുണ്ട്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നത്- 57,110. തൃശൂർ (33,631), കോഴിക്കോട് (31,666) ജില്ലകൾ തൊട്ടു പിന്നിൽ.
മുൻഗണന
വിവാഹം, ചികിത്സ, വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ബാങ്ക് വായ്പ, ലൈഫ് മിഷൻ പദ്ധതിയിലെ വീട് വയ്ക്കൽ തുടങ്ങയ ആവശ്യങ്ങൾക്ക് വേണ്ടി വസ്തു തരംമാറ്റത്തിന് അപേക്ഷിച്ചവർക്ക് മുൻഗണന നൽകും. 1290 ചതുരശ്ര അടി വിസ്തീർണ്ണം വരെയുള്ള വീടുകൾ വയ്ക്കാൻ വസ്തു തരംമാറ്റിയില്ലെങ്കിലും അനുമതിയുണ്ട്.
അപേക്ഷകൾ
4,77, 911
2022 ജനുവരി മുതൽ 24 ആഗസ്റ്റ് 28 വരെ
1,95,923
24 ആഗസ്റ്റ് 28 വരെ തീർപ്പാക്കിയത്
2,81, 988
തീർപ്പാക്കാനുള്ളത്
Source link