മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപജാപക സംഘം : സതീശൻ
തിരുവനന്തപുരം: ക്രിമിനലുകളുടെ താവളമായി മാറിയ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഉപജാപക സംഘമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് കേസിലെ പ്രതികളെയും ഹേമാ കമ്മീഷൻ റിപ്പോർട്ടിലെ ആരോപണവിധേയരേയും സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരേ യു.ഡി.എഫ് സംസ്ഥാന കമ്മറ്റി സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തൽ, സ്വർണ്ണക്കടത്ത്, സ്വർണം പൊട്ടിക്കൽ, അതിനായുള്ള കൊലപാതകങ്ങൾ, വർഗീയ വിഭജനം ലക്ഷ്യം വച്ചുള്ള നവമാധ്യമ പ്രചരണങ്ങൾ, പോക്‌സോ കേസെടുക്കേണ്ട മൊഴികൾ ഉൾപ്പെടെയുള്ള തെളിവുകളടങ്ങിയ കമ്മീഷൻ റിപ്പോർട്ടുകൾ പൂഴ്ത്തിവച്ച് പ്രതികളെ സംരക്ഷിക്കൽ, അതിന്റെ മറവിലുള്ള ബ്ലാക്ക്‌മെയിലിംഗ്, പൂരം കലക്കൽ തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളുടെയും കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് അധ:പതിച്ചു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഭരണകക്ഷി എം.എൽ.എ തന്നെ തെളിവുകൾ സഹിതം വിവരങ്ങൾ പുറത്തു വിടുകയാണ്. കേരള പൊലീസിനെ ഏറാൻമൂളികളുടെ സംഘമാക്കി മാറ്റിയ പിണറായി വിജയൻ മുഖ്യമന്ത്രി പദം രാജി വയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
സി.പി.എം അണിഞ്ഞിരിക്കുന്ന പുരോഗമനത്തിന്റെ പുറംചട്ടയ്ക്കുള്ളിലെ പുഴുക്കുത്തു നിറഞ്ഞ മനസ്സാണ് കാഫിർ സ്‌ക്രീൻ ഷോട്ടിലൂടെ പുറത്തുവന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ കുറ്റപ്പെടുത്തി. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലേറിയ സാഹചര്യത്തിൽ സ്‌ക്രീൻഷോട്ടിലൂടെ കേരളത്തിന്റെ മതേതരത്വം തകർക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൂരം കലക്കൽ സംഭവം പുറത്തു വന്നതോടെ സി.പി.എം – ബി.ജെ.പി അന്തർധാര കൂടുതൽ വ്യക്തമായതായി കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു.
.
Source link