പാരാലിന്പിക്സിൽ ഇന്ത്യക്കു രണ്ടാം സ്വർണം
പാരീസ്: 2024 പാരാലിന്പിക്സിൽ ഇന്ത്യൻ അക്കൗണ്ടിലേക്കു രണ്ടാം സ്വർണമെത്തി. പുരുഷ വിഭാഗം ബാഡ്മിന്റണ് സിംഗിൾസ് എസ്എൽ3 ഇനത്തിൽ കുമാർ നിതീഷാണ് ഇന്ത്യൻ അക്കൗണ്ടിലേക്കു രണ്ടാം സ്വർണമെത്തിച്ചത്. വനിതാ ഷൂട്ടിംഗിലൂടെ അവനി ലേഖ്റയുടെ വകയായിരുന്നു പാരീസ് പാരാലിന്പിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണം. ബ്രിട്ടീഷ് താരം ഡാനിയേൽ ബെഥേലിന്റെ ശക്തമായ പോരാട്ടം അതിജീവിച്ചാണ് കുമാർ ഫൈനലിൽ വെന്നിക്കൊടി പാറിച്ചത്. മൂന്നു ഗെയിം നീണ്ട ഫൈനലിൽ 21-14, 18-21, 23-21നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. പാരാലിന്പിക്സിൽ കുമാർ നിതീഷിന്റെ കന്നി മെഡലാണ്. വെള്ളിത്തിളക്കം 2020 ടോക്കിയോ പാരാലിന്പിക്സിലെ വെള്ളി മെഡൽ 2024 പാരീസിലും നിലനിർത്തി ഇന്ത്യയുടെ യോഗേഷ് കത്തുനിയ. പുരുഷ വിഭാഗം ഡിസ്കസ് ത്രോ എഫ് 56 വിഭാഗത്തിലാണ് യോഗേഷിന്റെ വെള്ളി നേട്ടം.
സീസണിലെ മികച്ച ദൂരമായ 42.22 മീറ്ററാണ് യോഗേഷ് ഡിസ്കസ് പായിച്ചത്. ബ്രസീലിന്റെ ക്ലോഡിനി ബാറ്റിസ്റ്റയ്ക്കാണ് ഈയിനത്തിൽ സ്വർണം. 46.86 മീറ്ററാണ് ക്ലോഡിനി ക്ലിയർ ചെയ്തത്. അത്ലറ്റിക്സിലൂടെ പാരീസിൽ ഇന്ത്യൻ അക്കൗണ്ടിലെത്തിയ നാലാം മെഡലാണ് യോഗേഷിന്റേത്. വനിതാ 100 മീറ്റർ ടി 35 വിഭാഗത്തിൽ വെങ്കലം നേടിയ പ്രീതി പാൽ, 200 മീറ്റർ ടി 35 പോരാട്ടത്തിലും വെങ്കലം സ്വന്തമാക്കി. പാരാലിന്പിക് ചരിത്രത്തിൽ 100, 200 മീറ്ററുകളിൽ മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടത്തിലും പ്രീതി പാൽ ഇതോടെയെത്തി. പുരുഷന്മാരുടെ ടി47 ഹൈജംപിൽ നിഷാദ് കുമാറിന്റെവക വെള്ളിയും അത്ലറ്റിക്സിലൂടെ ഇന്ത്യൻ അക്കൗണ്ടിലെത്തി. പാരീസ് പാരാലിന്പിക്സിൽ ഇന്ത്യയുടെ അക്കൗണ്ടിൽ ഇതോടെ രണ്ടു സ്വർണം, മൂന്നു വെള്ളി, നാലു വെങ്കലം എന്നിങ്ങനെ ഒന്പത് മെഡലായി.
Source link