KERALAMLATEST NEWS

സിനിമയിൽ സംഗീതവും ശില്പവുമായി സണ്ണിയും അനുജൻ സജയനും

കൊച്ചി:കായലോളങ്ങളിൽ താളമിട്ട് പാടിയ സണ്ണി മാധവൻ കന്നഡ സിനിമയിൽ സംഗീത സംവിധായകനായി. കായലിലെ ചെളിയിൽ ശില്പങ്ങൾ തീർത്ത അനുജൻ സജയൻ മാധവൻ തമിഴ് സിനിമയിലെ അനിമട്രോണിക്സ് വിദഗ്ദ്ധനുമായി.

ആലപ്പുഴ പൂച്ചാക്കൽ ചാലുങ്കൽത്തറ മാധവന്റെ മക്കളാണ് ഇരുവരും.

ബാല്യത്തിലെ സംഗീതമോഹം സണ്ണിയെ എത്തിച്ചത് ദണ്ഡപാണി ഭാഗവതരുടെ അടുത്താണ്. ചേർത്തല എൻ.എസ്.എസ് കോളേജിലെ പഠനശേഷം നാട്ടിലെ ഗാനമേള ട്രൂപ്പുകളിലെ സജീവമായി. 1998ൽ തൊഴിൽ തേടി ബംഗളൂരുവിലേക്ക്. അവിടെ ഹോട്ടൽ ജോലിക്കിടെ സുഹൃത്തുക്കൾ സണ്ണിയിലെ സംഗീതം തിരിച്ചറിഞ്ഞു. അവരുടെ സഹായത്തോടെ 2011ൽ ഇറക്കിയ ആൽബം സിനിമയിലേക്ക് വഴിതുറന്നു. 2012ൽ അക്കാ പക്കാ, ബബ്ളുഷ, കലി കുഡുകരു എന്നീ സിനിമകൾക്ക് പാട്ടൊരുക്കി. മലയാളത്തിൽ ആദ്യസിനിമ ‘ബിഹൈൻഡ്’ ഉടൻ റിലീസാകും.ഭാര്യ കെ.കെ. രാധാമണി. മകൻ: ചാരുകേശ് രാഗ്

സജയന്റെ തുടക്കം യന്തിരനിൽ

ചിത്രകാരനും ശില്പിയുമാണ് സജയൻ. ബംഗളൂരുവിലെ കാനറ ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിസാൻസിൽ നിന്ന് ഡിപ്ളോമ നേടി. തമിഴിലെ സൂപ്പർ ഹിറ്റായ ഷങ്കർ ചിത്രം യന്തിരൻ 2.0ലൂടെ സിനിമയിലെത്തി. ചിത്രത്തിൽ അക്ഷയ് കുമാറിന്റെ തോളിൽ വന്നിരിക്കുന്ന ഏഴ് പക്ഷികളെ സൃഷ്‌ടിച്ചു ‘മെർസലി’ൽ നവജാത ശിശുവിനെ ഒരുക്കിയതോടെ തമിഴകത്ത് തിരക്കേറി. ഉദയനിധി സ്റ്റാലിൻ നായകനായ മിഷ്ക്കിന്റെ ‘സൈക്കോ’യിലേക്ക് നിർമ്മിച്ച പത്ത് തലകളും ശ്രദ്ധയാകർഷിച്ചു. തമിഴ്നാട് സർക്കാർ മ്യൂസിയത്തിലെ ജയലളിതയുടെ രണ്ട് പ്രതിമകൾ നിർമ്മിച്ചു. ഇപ്പോൾ ക്രിയേറ്റീവ് ആർട്ട് ഡയറക്ടറായി മിഷ്‌കിന്റെ വിജയ് സേതുപതി ചിത്രമായ ‘ട്രെയിനി’ന്റെ തിരക്കിൽ. കോട്ടയം സ്വദേശി സുകന്യയാണ് ഭാര്യ.

അനിമട്രോണിക്സ്

ജന്തുക്കളുടെ രൂപങ്ങളുണ്ടാക്കി ചലിപ്പിച്ച് ഷൂട്ട് ചെയ്യുന്നതാണ് അനിമട്രോണിക്സ്. ജുറാസിക് പാർക്ക് സിനിമയിൽ ദിനോസറുകളെ സൃഷ്ടിച്ചത് ഈ സങ്കേതത്തിലാണ്.

”മലയാള സിനിമകളിൽ സംഗീതം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.

– സണ്ണി മാധവൻ

”അനിമട്രോണിക്സ് മലയാള സിനിമയിൽ കുറവാണ്. അതിന്റെ സാദ്ധ്യതകൾ പുതുതലമുറ സംവിധായകർ പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷ

– സജയൻ മാധവൻ


Source link

Related Articles

Back to top button