മലപ്പുറം: എസ്‌പി എസ് ശശിധരന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ അസാധാരണ സമരവുമായി പി വി അൻവർ എംഎൽഎ. എസ്‌പി ഓഫീസിലെ മരങ്ങൾ മുറിച്ച് കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പി വി അൻവർ എംഎൽഎ കുത്തിയിരുപ്പ് സമരം നടത്തുന്നത്.
പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്‌പിക്കെതിരെ നടപടിയെടുക്കാനും എംഎൽഎ ആവശ്യപ്പെട്ടു. ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്‌പിയുടെ അഹങ്കാരം അവസാനിപ്പിക്കുക. പൊലീസ് വയർലസ് സന്ദേശം പ്രക്ഷേപണം ചെയ്‌ത ഒരു ചാനൽ ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി രക്ഷിച്ച എഡിജിപി എം ആർ അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്‌ത് ജയിലിൽ അടയ്‌ക്കുക തുടങ്ങിയ ആരോപണങ്ങൾ എഴുതിയ ബാനറുകളും സ്ഥാപിച്ചുകൊണ്ടാണ് പി വി അൻവറിന്റെ കുത്തിയിരിപ്പ് പ്രതിഷേധം.
ഇതിന് മുമ്പ് പൊലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ വച്ച് എസ് ശശിധരനെ പി വി അൻവർ പരസ്യമായി അധിക്ഷേപിച്ചിരുന്നു. അന്ന് മനോവിഷമത്തിലായ എസ്പി പ്രസംഗിക്കാതെ വേദി വിട്ടു. എസ്പിയെ ഒരുമണിക്കൂറോളം കാത്തിരിക്കേണ്ടിവന്നതും തന്റെ പാർക്കിലെ റോപ് മോഷണം പോയതിൽ പ്രതിയെ പിടികൂടാത്തതുമാണ് അൻവറിനെ ചൊടിപ്പിച്ചത്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാൻ പൊലീസിൽ ചിലർ ശ്രമിക്കുന്നെന്നും അൻവർ വിമർശിച്ചു.
എസ്പി ബോധപൂർവം പരിപാടിയിൽ വൈകിയെത്തിയെന്നും എംഎൽഎ ആരോപിച്ചിരുന്നു. പത്ത് മണിക്കുള്ള സമ്മേളനത്തിനായി 9.50ന് എത്തിയ തന്നോട് കാത്തിരിക്കാൻ പറഞ്ഞു. എസ്പി തിരക്കിന്റെ ഭാഗമായിട്ടാണ് നേരത്തെ വരാതിരുന്നതെങ്കിൽ ഒരുപ്രശ്നവുമില്ല. പക്ഷേ, അവനവിടെ ഇരിക്കട്ടെ എന്നു വിചാരിച്ചെങ്കിൽ അത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്. ഇതൊന്നും ശരിയായ രീതികളല്ലെന്നും അൻവർ കുറ്റപ്പെടുത്തി.
Source link