വീടുവയ്ക്കണോ? ലോൺ   അംബാനി  തരും: വൻ പദ്ധതി അവസാന ഘട്ടത്തിൽ

മുംബയ്: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സാമ്പത്തിക സേവന വിഭാഗമായ ജിയോ ഫിനാൻഷ്യൽ ലിമിറ്റഡ് (ജെഎഫ്എൽ) ഭവന വായ്‌പകൾ നൽകാൻ ഒരുങ്ങുന്നു. പദ്ധതി അവസാന ഘട്ടത്തിലാണെന്ന് കമ്പനി പറഞ്ഞു. കമ്പനിയുടെ ആദ്യ പൊതുവാർഷിക യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (എൻബിഎഫ്‌സി) ആയ ജെഎഫ്‌എൽ വസ്തുവകകൾക്കും സെക്യൂരിറ്റികൾക്കുമുള്ള വായ്പകൾ അവതരിപ്പിക്കാനും ഒരുങ്ങുകയാണ്.

സപ്ലൈ ചെയിൻ ഫിനാൻസിംഗ്, മ്യൂച്വൽ ഫണ്ട് വായ്പകൾ, ഉപകരണ ധനസഹായത്തിനുള്ള എന്റർപ്രൈസ് സൊല്യൂഷനുകൾ എന്നിവ കമ്പനി ഇതിനകം പുറത്തിറക്കിയിരുന്നു. ബീറ്റാ മോഡിലുള്ള ജെഎഫ്‌എല്ലിന്റെ ജിയോ ഫിനാൻസ് ആപ്പ് മേയ് 30ന് പുറത്തിറക്കിയിരുന്നു. ഇതിനോടകം ഒരു ദശലക്ഷത്തിലധികം പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. മ്യൂച്വൽ ഫണ്ട് വായ്പകൾ, സേവിംഗ്‌സ് അക്കൗണ്ട്, യുപിഐ, ബിൽ അടവുകൾ, ഡിജിറ്റൽ ഇൻഷുറൻസ്, റീച്ചാർജ് എന്നീ സേവനങ്ങൾ ഇപ്പോൾ തന്നെ ആപ്പിൽ ലഭ്യമാണ്.

ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജറായ ‘ബ്ലാക്ക് റോക്കുമായുള്ള’ സംയുക്ത സംരംഭം ലോകോത്തര നിക്ഷേപ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ജിയോ ഫിനാൻഷ്യൽ സർവീസസിനെ സഹായിക്കുമെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ ഹിതേഷ് സെതിയ വ്യക്തമാക്കി.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രധാന നിക്ഷേപ കമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസ് നിക്ഷേപം, ധനസഹായം, ഇൻഷുറൻസ് ബ്രോക്കിംഗ്, പേയ്‌മെന്റ് ബാങ്ക്, പേയ്‌മെന്റ് അഗ്രഗേറ്റർ, പേയ്‌മെന്റ് ഗേറ്റ്‌വേ എന്നീ സേവനങ്ങളാണ് നൽകുന്നത്.


Source link
Exit mobile version