പറയാനുള്ളതെല്ലാം തുറന്നെഴുതാൻ ഇ.പി
#ഇ.പി ജയരാജന്റെ ആത്മകഥ ഉടൻ
കണ്ണൂർ: എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തു നിന്നുള്ള പടിയിറക്കത്തിന് ശേഷം മൗനം പാലിച്ച ഇ.പി. ജയരാജന്റെ പ്രതികരണങ്ങൾ ഇനി ആത്മകഥയിൽ.
ചെങ്കൽ മേഖലയിലെ യന്ത്രവത്കരണത്തിനെതിരെ തൊഴിലാളികൾ സമരം നടത്തവെ മെഷീൻ ചെങ്കല്ലുപയോഗിച്ച് നിർമ്മിച്ച വസതിമുതൽ , പ്രകാശ് ജാവ്ദേക്കറുമായി നടത്തിയ കൂടിക്കാഴ്ചവരെയുളള അനുഭവങ്ങൾ നേരത്തേ എഴുതി പൂർത്തിയാക്കിയിരുന്നു. ചില കൂട്ടിച്ചേർക്കലുകൾ കൂടിയായാൽ ആത്മകഥ പുറത്തിറങ്ങുമെന്നാണ് വിവരം. . ഒപ്പം നിൽക്കാൻ ആരുമില്ലാതെയുള്ള പടിയിറക്കത്തിലേക്ക് നയിച്ച സംഭവ വികാസങ്ങൾ ഇ.പി. തുറന്നെഴുതിയേക്കും.. പാർട്ടിയെ പ്രത്യക്ഷത്തിൽ കുറ്റപ്പെടുത്താതെയുള്ള എഴുത്തിൽ, പരിഭവം കലർന്ന വിമർശനങ്ങളുണ്ടെന്നാണ് സൂചന.
താൻ വളർത്തിയ പാർട്ടി മുഖപത്രം തനിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ കൂടെ നിന്നില്ലെന്ന നീരസവും വ്യക്തമാക്കുന്നുണ്ട്.എം.വി. രാഘവന്റെ പുറത്താകലുമായി ബന്ധപ്പെട്ട നിർണായക വെളിപ്പെടുത്തലുകളുമുണ്ടാകും. കണ്ണൂരിൽ പാർട്ടിയെ ശക്തിപ്പെടുത്താനായി ശ്രമിക്കവെ നേരിട്ട അക്രമങ്ങൾ, വിസ്മയ പാർക്ക്, വിവാദമായ കണ്ടൽ പാർക്ക് തുടങ്ങി പാർട്ടി തുടങ്ങിയ സംരംഭങ്ങൾക്ക് പിന്നിലെ പരിശ്രമങ്ങൾ, നേരിട്ട വെല്ലുവിളികൾ എന്നിവയും ആത്മകഥയിൽ പരാമർശിക്കും.. സാന്റിയാഗോ മാർട്ടിനുമായുള്ള ഇടപാട്, വിവാദ വ്യവസായിയുടെ പരസ്യം പാർട്ടി പത്രത്തിൽ പ്രത്യക്ഷപ്പെട്ട സംഭവം, ബന്ധു നിയമനം, ഫാരിസ് അബൂബക്കറുമായി ബന്ധപ്പെട്ട നായനാർ സ്മാരക ഫുട്‌ബാൾ ടൂർണമെന്റ് വിവാദം, വൈദേകം ആയുർവേദ റിസോർട്ട് വിവാദം, നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങുമായ ബന്ധപ്പെട്ട വിശദീകരണം, നാക്കുപിഴകൾ എന്നിവയെല്ലാം പുസ്തകത്തിലുണ്ടാകും.
മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ വി.എസ് പക്ഷം പാർട്ടി പിടിക്കാനുള്ള നീക്കങ്ങൾ പരാജയപ്പെടുത്തിയതും വിദ്യാർത്ഥി, യുവജന വിഭാഗങ്ങളിൽ ഔദ്യോഗികപക്ഷത്തിന്റെ സ്വാധീനം ശക്തമാക്കാൻ നടത്തിയ ശ്രമങ്ങളും വിഭാഗിയത കൊടികുത്തി വാണ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി പദവി സംബന്ധിച്ച വെളിപ്പെടുത്തലുകളും വീണ്ടും രാഷ്ട്രീയ ചർച്ചകൾക്കിടയാക്കിയേക്കും. ഒരു വ്യാഴവട്ടത്തിലേറെ നീണ്ട വി.എസ് – പിണറായി പോരിലെ വെളിപ്പെടുത്തലുകളും, പിണറായിയുമായുള്ള ആത്മബന്ധവും ഇ.പിയുടെ ആത്മകഥയിലെ സുപ്രധാന ഭാഗമാവും.. മറ്റ് ഇടപെടലുകളോ സമ്മർദ്ദങ്ങളോ ഉണ്ടായില്ലെങ്കിൽ ഈ പാർട്ടി സമ്മേളന കാലത്ത് ആത്മകഥ പുറത്തിറങ്ങാനാണ് സാധ്യത
Source link