KERALAMLATEST NEWS

ബസിലെ കൊലപാതകം: പ്രതി എത്തിയത് ബംഗളൂരുവിൽ നിന്ന്

കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽ യാത്രക്കാരുടെ മുന്നിലിട്ട് കണ്ടക്ടർ ഇടുക്കി സേനാപതി സ്വദേശി അനീഷ് പീറ്ററിനെ (34) കുത്തിക്കൊന്ന കേസിലെ പ്രതി കളമശേരി ഗ്ളാസ് ഫാക്ടറി കോളനിയിലെ മിനൂപ് ബിജു (30) കളമശേരി പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിലുള്ളയാൾ. ഏലൂർ സ്റ്റേഷനിൽ പോക്‌സോ കേസിലും പ്രതിയാണ്. കൃത്യം നടത്തുന്നതിന് രണ്ടുദിവസം മുമ്പു വരെ ബംഗളൂരുവിലായിരുന്നു.

അവിടേക്ക് പോകുംമുമ്പ് മിനൂപ് ഒന്നര വർഷമായി അകന്നുകഴിയുന്ന ഭാര്യയുടെ മൊബൈൽ ഫോൺ ബലംപ്രയോഗിച്ച് കൈക്കലാക്കി. ഇങ്ങനെയാണ് ഭാര്യ വൈറ്റില- കളമശേരി മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ‘അസ്ത്ര’ ബസിലെ കണ്ടക്ടറായ അനീഷുമായി സൗഹൃദത്തിലാണെന്ന് അറിഞ്ഞത്.

ഭാര്യയുടെ സുഹൃത്തുക്കളെ ഫോണിൽ ഭീഷണിപ്പെടുത്തുന്ന സ്വഭാവം ഇയാൾക്കുണ്ട്. വെള്ളിയാഴ്ച അനീഷിനെയും ഒരു ഓട്ടോ ഡ്രൈവറെയും കൊച്ചിയിലെ ഒരു മാളിലെ ജീവനക്കാരനെയും ഇയാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. മറ്റ് രണ്ടുപേരും ഫോൺ കട്ട് ചെയ്‌തെങ്കിലും അനീഷ് കടുത്തഭാഷയിൽ പ്രതികരിച്ചു.

തുടർന്ന് ഇയാൾ അന്നുരാത്രി ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു. ശനിയാഴ്ച പുലർച്ചെ ആലുവയിൽ എത്തി. ഒരു കടയിൽ നിന്ന് കത്തിവാങ്ങി വീട്ടിലെത്തിയശേഷം അനീഷിനെ തെരഞ്ഞ് ഇറങ്ങിയെന്നാണ് പ്രതിയുടെ മൊഴി. പ്രതിയെ ഇന്നലെ വീട്ടിലും കത്തി ഉപേക്ഷിച്ച മുട്ടാർ പുഴയുടെ ഭാഗത്തും എത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോസ്റ്റുമോർട്ടത്തിന് ശേഷം അനീഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

കയറിയത് പിൻവാതിലിലൂടെ

ബസിന്റെ പിൻവാതിലിലൂടെയാണ് പ്രതി ഓടിക്കയറിയത്. അപ്പോൾ അനീഷ് ഡ്രൈവറുമായി സംസാരിച്ച് നിൽക്കുകയായിരുന്നു. ആദ്യകുത്ത് അനീഷിന്റെ പുറത്താണ് ഏറ്റത്. തിരിയുന്നതിനിടെ രണ്ടാംകുത്ത് കഴുത്തിലും നെഞ്ചിലുമായി കൊണ്ടു. കൈമുട്ടിനും വെട്ടേറ്റു. തുടർന്ന് അനീഷിനെ തള്ളിയിട്ട് മുന്നിലെ വാതിലിലൂടെ രക്ഷപ്പെട്ടു. ഒരു യാത്രക്കാരിയെയും ഇയാൾ തള്ളിയിട്ടിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവർ ആശുപത്രി വിട്ടു.


Source link

Related Articles

Back to top button