ലെവർകൂസൻ: ബുണ്ടസ് ലിഗയിൽ തോൽവി അറിയാതെയുള്ള 35 മത്സരങ്ങൾക്കുശേഷം നിലവിലെ ചാന്പ്യന്മാരായ ബെയർ ലെവർകൂസൻ തോറ്റു. സ്വന്തം കളത്തിൽ ലൈപ്സിഗിനോട് രണ്ടു ഗോളിനു ലീഡ് ചെയ്തശേഷം മൂന്നു ഗോൾ വാങ്ങിയാണ് സാബി അലോൻസോയുടെ ലെവർകൂസൻ പരാജയപ്പെട്ടത്. ലൂയിസ് ഒപെൻഡയുടെ ഇരട്ടഗോളാണ് സന്ദർശകർക്കു ജയമൊരുക്കിയത്. ലെവർകൂസൻ 38-ാം മിനിറ്റിൽ ജെർമി ഫ്രിംപോംഗിലൂടെ മുന്നിലെത്തി. 45-ാം മിനിറ്റിൽ അലജാൻഡ്രോ ഗ്രിമാൽഡോ ലെവർ കൂസന്റെ ലീഡ് ഉയർത്തി. കെവിൻ കാംപൽ (45+7’) ലൈപ്സിഗിനായി ഒരു ഗോൾ മടക്കി. 57-ാം മിനിറ്റിൽ ഒപെൻഡ സന്ദർശകർക്കു സമനില നൽകി. 80-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടിക്കൊണ്ട് ഒപെൻഡ ലൈപ്സിഗിന്റെ വിജയം ഉറപ്പിച്ചു.
ബുണ്ടസ് ലിഗയിൽ 462 ദിവസത്തിനുശേഷം ലെവർകൂസനെ തോല്പിക്കുന്ന ആദ്യ ടീമായി ലൈപ്സിഗ്. 2022-23 സീസണിന്റെ അവസാന ദിനം ബൊച്ചെമിനോട് 3-0ന് തോറ്റശേഷം ലെവർകൂസന്റെ ആദ്യ തോൽവിയാണ്. ഈ തോൽവിയോടെ ഹാംബർട് 1982-83 ൽ സ്ഥാപിച്ച തോൽവി ഇല്ലാതെയുള്ള 36 മത്സരങ്ങൾക്കൊപ്പമെത്താനും അലോൻസോയുടെ സംഘത്തിനായില്ല.
Source link