KERALAMLATEST NEWS

സിനിമയെ ശുദ്ധീകരിക്കും ,​ കലാകാരികൾക്ക് മുന്നിൽ ഉപാധികൾ പാടില്ല : മുഖ്യമന്ത്രി

ശ്രീകുമാരൻതമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം മോഹൻലാലിന് സമ്മാനിച്ചു.

തിരുവനന്തപുരം : സിനിമയിൽ സ്ത്രീകൾക്ക് നിർഭയമായി കഴിവുകൾ തെളിയിക്കാനുള്ള എല്ലാ സ്വതന്ത്രാവസരങ്ങളും ഉണ്ടാകണമെന്നും കലാകാരികൾക്ക് യാതൊരു ഉപാധികളും പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ രണ്ടാമത് ശ്രീമോഹനം പുരസ്ക്കാരം നടൻ മോഹൻലാലിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

കലാ ഇതരമായ ഒരു വ്യവസ്ഥയും കലാകാരികൾക്ക് മുന്നിലുണ്ടാകരുത്. ഇതിൽ സർക്കാരിന് നിർബന്ധം ഉള്ളതിനാലാണ് പരാതികളുണ്ടായപ്പോൾ സ്ത്രീകളുടേതു മാത്രമായ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഇതെന്ന് അഭിമാനിക്കാം.ഈ മാതൃക പലയിടത്തും സ്വീകരിക്കും. സ്ത്രീകളുടെ തൊഴിൽ അവസരത്തിനും അഭിമാനസംരക്ഷണത്തിനും സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കും.അവർക്ക് സുരക്ഷിതമായി കഴിവുകൾ തെളിയിക്കാൻ കലാരംഗത്തെ ശുദ്ധീകരിക്കും. മനസുകളെ മലിനമാക്കുന്ന ഒന്നും സിനിമയിലായാലും സിനിമാരംഗത്തായാലും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ആ രംഗത്ത് പ്രവർത്തിക്കുന്നവർക്കുണ്ട്. ജനങ്ങൾ നൽകുന്ന സ്നേഹവും ആരാധനയും ധാർമിക മൂല്യങ്ങളായി തിരിച്ചുകൊടുക്കാനുള്ള കടമയും ഉത്തരവാദിത്വവും അവർക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫൗണ്ടേഷൻ ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീകുമാരൻ തമ്പി പ്രശസ്തിപത്രം മോഹൻലാലിന് നൽകി. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് കല്ലിയൂർ ശശിക്ക് ഫൗണ്ടേഷന്റെ ഉപഹാരം മോഹൻലാൽ സമ്മാനിച്ചു. ഫൗണ്ടേഷൻ ഭാരവാഹികളായ മുൻ സ്‌പീക്കർ എം.വിജയകുമാർ, നിംസ് എം.ഡി ഫൈസൽ ഖാൻ, സി.ശിവൻകുട്ടി, ജയശേഖരൻ നായർ,പ്രിയദർശൻ തമ്പി തുടങ്ങിയവർ സംസാരിച്ചു.

ശ്രീകുമാരൻ തമ്പി മുട്ടുമടക്കാത്ത തലപ്പൊക്കം : മോഹൻലാൽ

വിട്ടുവീഴ്ചകളില്ലാത്ത വ്യക്തിത്വമാണ് ശ്രീകുമാരൻ തമ്പിയുടേതെന്ന് മോഹൻലാൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

നിർമ്മിച്ചതും സംവിധാനം ചെയ്തുമായ സിനികളിൽ തന്റെ ബോദ്ധ്യങ്ങളിൽ നിന്ന് അണുവിട മാറിയിട്ടില്ല. ആർക്കുമുന്നിലും മുട്ടുമടക്കാത്ത തലപ്പൊക്കം പ്രകടിപ്പിക്കും. അതിനെ അഹങ്കാരമായി കാണുന്നവുണ്ടാകും എന്നാൽ അത് അദ്ദേഹത്തിന്റെ ഉള്ളിലുള്ള ആത്മവിശ്വാസമാണെന്ന് താൻ മനസിലാക്കുന്നു. എന്നെ ഞാനാക്കിയതിൽ പങ്കുവഹിച്ച അദ്ദേഹത്തോട് എന്നും ആദരവും കടപ്പാടുമുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.


Source link

Related Articles

Back to top button