ഒരു സംഘടനയും ഒരു വ്യക്തിയും മാത്രം ക്രൂശിക്കപ്പെടുന്നു
തിരുവനന്തപുരം : നിങ്ങൾക്കിടയിലുള്ള ഞങ്ങൾ ഒറ്റദിവസം കൊണ്ട് എങ്ങനെ അന്യരായി?- ചോദ്യം മോഹൻലാലിന്റേത്.
47 വർഷമായി സിനിമയിലുള്ള തനിക്ക് ആ മേഖലയെക്കുറിച്ച് ഇത്തരത്തിൽ പ്രതികരിക്കേണ്ടിവന്നത് ദൗർഭാഗ്യമാണെന്നും മോഹൻലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹേമകമ്മിറ്റി റിപ്പോർട്ട് വന്ന് 12-ാം നാളാണ് മോഹൻലാലിന്റെ പ്രതികരണം.
സിനിമയിലുള്ള എല്ലാവർക്കും സംസാരിക്കാനുള്ള സമയമാണിത്. ഒരുസംഘടനയും ഒരു വ്യക്തിയും മാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന് മറുപടി പറയേണ്ടത് സിനിമാരംഗം ഒന്നാകെയാണ്. എന്തിനും കുറ്റപ്പെടുത്തുന്നത് ‘അമ്മ’യെയാണ്. ഏറ്റവും കൂടുതൽ ചോദ്യശരങ്ങൾ തനിക്കും ‘അമ്മ’യ്ക്കും നേരെയാണ്. അഭിഭാഷകരോടും മുതിർന്ന അംഗങ്ങളോടും സംസാരിച്ചാണ് ഭാരവാഹികൾ രാജിവച്ചത്. അതു ശരിയായില്ലെന്ന് പറയുന്നവർക്ക് മുന്നോട്ടുവരാം. തിരഞ്ഞെടുപ്പിലൂടെയോ അല്ലാതയോ ‘അമ്മ’യെ നയിക്കാം.
സ്ഥാനങ്ങളിൽ തുടർന്നാൽ അനാവശ്യ ആരോപണങ്ങൾ വരും. അതുകൊണ്ടാണ് രാജിവച്ചത്. ‘അമ്മ’ മാത്രമല്ല നിരവധി സംഘടനകളുണ്ട്, അവരെല്ലാവരുമായി സംസാരിക്കണം. അവരുടെ അഭിപ്രായങ്ങളും ശേഖരിക്കണം. ഹേമകമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് മാദ്ധ്യമങ്ങൾക്ക് അറിയാവുന്നതാണ് തനിക്കും അറിയാവുന്നത്. ബുദ്ധിമുട്ട് ഉണ്ടായവർ പൊലീസിനെ അറിയിക്കുക. എല്ലാം നോക്കാൻ സർക്കാരും കമ്മിറ്റിയും പൊലീസുമുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അസോസിയേഷൻ ഉണ്ടാകണമെന്നും ലാൽ പറഞ്ഞു.
പവർ ഗ്രൂപ്പില്ല, പരാതിപ്പെട്ടവർക്കൊപ്പം
പവർ ഗ്രൂപ്പുണ്ടോ ?
ആദ്യമായാണ് കേൾക്കുന്നത്. അത്തരമൊരു ഗ്രൂപ്പില്ല, ഞാൻ അംഗവുമല്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം ആവശ്യമുണ്ടോ?
തീർച്ചയായും വേണം. അത് സംഭവിച്ചുപോയി. ഇനി സംഭവിക്കാതിരിക്കാൻ നോക്കാം. ഹേമ കമ്മിറ്റിക്ക് മുന്നിൽ രണ്ടുവട്ടം പോയി അറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു. റിപ്പോർട്ടിൽ ഒരുപാട് നിർദ്ദേശങ്ങളുണ്ടെന്നാണ് കരുതുന്നത്. സിനിമാ മേഖലയെ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള നിർദ്ദേശങ്ങൾ നല്ലതാണ്. മറ്റ് ഭാഷകളിലെ സിനിമയിൽ പ്രശ്നങ്ങൾ പറഞ്ഞവരോട് ഹേമ കമ്മിറ്റിക്ക് സമാനമായ സംവിധാനം ഉണ്ടാക്കാൻ നിർദ്ദേശിച്ചു.
ആരോപണവിധേയർക്കും പ്രതികൾക്കും എതിരെ നടപടി എടുക്കണ്ടേ ?
പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാൻ പറ്റില്ലല്ലോ.പൊലീസും കോടതിയും സർക്കാരുമാണ് നടപടികൾ സ്വീകരിക്കുന്നത്. ഹേമ കമ്മിറ്റിയിൽ പരാതിപ്പെട്ടവർക്കൊപ്പം നിൽക്കും.
ഡബ്ല്യു.സി.സിക്കാർ ‘അമ്മ’യുടെ തലപ്പത്ത് എത്തുമോ?
ഡബ്ല്യു.സി.സി, ‘അമ്മ’ എന്നതെല്ലാം ഒഴിവാക്കാം. എന്നിട്ട് മലയാള സിനിമയെ കുറിച്ച് മാത്രം സംസാരിക്കാം. ‘അമ്മ’ മാത്രമല്ല, മലയാള സിനിമയിൽ 21 ഓളം സംഘടനകളുണ്ട്. അവരുടെയെല്ലാം കാര്യങ്ങൾ സംസാരിക്കാം.
നേരത്തെ ഇത്തരം പരാതികൾ കേട്ടിരുന്നോ?
മുഖമറിയാത്ത പരിചയമില്ലാത്ത കുറേയധികം കാര്യങ്ങൾ കേട്ടു. എന്താണ് നടന്നതെന്ന് അറിയില്ല. അതോന്നും ‘അമ്മ’ അറിഞ്ഞില്ല.
സർക്കാരിന്റെ കോൺക്ലേവുമായി സഹകരിക്കുമോ ?
നല്ല കാര്യത്തിനായുള്ള നീക്കങ്ങളിൽ എല്ലാവരും സഹകരിക്കും, ഞങ്ങളുമുണ്ടാകും.
Source link