ഗാന്ധിമതി ബാലൻ കാലം തെറ്റി സഞ്ചരിച്ച നിർമ്മാതാവ് : ലാൽ

തിരുവനന്തപുരം: ഗാന്ധിമതി ബാലന്റെ മരണസമയത്ത് എത്താതിരുന്നത് തെറ്റാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തോട് ക്ഷമാപണം നടത്തുകയാണെന്നും നടൻ മോഹൻലാൽ.
ബേബി ജോൺ ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘സ്മരണതീരം : ബേബിജോൺ , ഗാന്ധിമതി ബാലൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലേട്ടന്റെ മരണസമയത്ത് താൻ സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് മകളെ ഫോണിൽ വിളിച്ചിരുന്നു. കാലം തെറ്റി പിറന്ന സിനിമകളുടെ നിർമ്മാതാവായിരുന്നു അദ്ദേഹം. തൂവാനത്തുമ്പികൾ ഇപ്പോഴാണ് കൂടുതൽ പേർ കാണുന്നത്. വ്യക്തിജീവിതത്തിനും സൗഹൃദത്തിനും വിലകൊടുത്ത ആളായിരുന്നു അദ്ദേഹം.

ലാ സെക്രട്ടറിയായിരുന്ന പിതാവിനൊപ്പം മന്ത്രി ബേബി ജോണിനെ കണ്ടിട്ടുണ്ട്. ഷിബു ബേബിജോണുമായും കുടുംബവുമായും വർഷങ്ങളുടെ സൗഹൃദമുണ്ട്.
ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. എം.കെ.മുനീർ എം.എൽ.എ അദ്ധ്യക്ഷനായി.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു .ഒരു നേതാവ് എങ്ങനെയായിരിക്കണമെന്ന മാതൃകയാണ് ബേബി ജോൺ. മുസ്ലിം ലീഗുമായുള്ള അടുപ്പം കാരണം അദ്ദേഹത്തെ ബേബി ഹാജി എന്ന് കളിയാക്കിയവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫൗണ്ടേഷന്റെ വെബ്‌സൈറ്റ് ലോഞ്ചിംഗ് മോഹൻലാൽ നിർവഹിച്ചു.ഗായകൻ വേണുഗോപാൽ, ബേബിജോണിന്റെ സഹധർമ്മിണി അന്നമ്മ എന്നിവർ പങ്കെടുത്തു. ഫൗണ്ടേഷൻ സെക്രട്ടറി ഷീല ജെയിംസ് സ്വാഗതവും അസി.സെക്രട്ടറി കെ.എസ് .സനൽകുമാർ നന്ദിയും പറഞ്ഞു.

സത്യം തെളിയും: ഷിബു ബേബി ജോൺ

തിരുവനന്തപുരം: കാലം മാറുമ്പോൾ യാഥാർത്ഥ്യം പുറത്തുവരുമെന്നും ചവറയിലെ സരസന്റെ തിരോധാനം സൃഷ്ടിച്ച പ്രകമ്പനത്തിൽ തന്റെ പിതാവ് ബേബിജോൺ എന്ന രാഷ്ട്രീയക്കാരൻ അസ്തമിച്ചു പോകാതിരുന്നത് ചരിത്രമാണെന്നും ഷിബു ബേബിജോൺ ഓർമിച്ചു.
1981ൽ സരസന്റെ തിരോധാനത്തിന് പിന്നിൽ ബേബി ജോൺ ആണെന്ന ആക്ഷേപമുണ്ടായി. ഇന്ദിരാഗാന്ധിയടക്കം ചവറയിലെത്തി ബേബി ജോണിനെതിരെ പ്രസംഗിച്ചു.’സരസനെവിടെ അന്നമ്മ ടീച്ചറെ’ എന്ന പോസ്റ്ററുകൾ അമ്മ പോകുന്ന വഴിയിൽ പ്രദർശിപ്പിച്ചു. എന്നിട്ടും ബേബിജോൺ കുറഞ്ഞ ഭൂരിപക്ഷമായ 681 വോട്ടിന് വിജയിച്ചു. പ്രചാരണത്തിന് സി.എച്ച് മുഹമ്മദ് കോയയെ ചവറയിലെത്തിച്ച് ബേബി ജോണിനെതിരെ പ്രസംഗിക്കാൻ മുന്നണി പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ല. സി.എച്ച് അന്ന് പ്രസംഗിക്കുകയും മുന്നൂറ് വോട്ടെങ്കിലും മാറുകയും ചെയ്താൽ ബേബിജോൺ പരാജയപ്പെടുമായിരുന്നു .അഞ്ചു വർഷത്തിന് ശേഷം സരസൻ തിരികെയെത്തിയതോടെയാണ് ബേബി ജോണിന്റെ നിരപരാധിത്വം തെളിഞ്ഞത്.


Source link
Exit mobile version