കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിലെ കണ്ടക്ടർ യാത്രക്കാർക്ക് മുന്നിൽ കുത്തേറ്റു മരിച്ചു. ആലുവ-കളമശേരി-വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന ‘അസ്ത്ര” ബസിലെ കണ്ടക്ടർ ഇടുക്കി സേനാപതി ആവണക്കുംചാൽ പുത്തൻകോളനിയിൽ മറ്റത്തിൽ വീട്ടിൽ പീറ്ററിന്റെ മകൻ അനീഷ് പീറ്ററാണ് (34) കൊല്ലപ്പെട്ടത്. മുൻപ് സ്വകാര്യബസ് ഡ്രൈവറായിരുന്ന പ്രതി കളമശേരി ഗ്ളാസ് ഫാക്ടറി കോളനി സ്വദേശി മിനൂപ് ബിജുവിനെ (30) പൊലീസ് വൈകിട്ട് കസ്റ്റഡിയിലെടുത്തു. മിനൂപിന്റെ ഭാര്യയുമായി അനീഷിനുള്ള സൗഹൃദമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. തിരിച്ചറിയൽ പരേഡ് പൂർത്തിയാക്കാനുള്ളതിനാൽ പ്രതിയുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കളമശേരി എച്ച്.എം.ടി ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ‘അസ്ത്ര” ബസിന്റെ കാക്കനാട്ടു നിന്നുള്ള സർവീസ് ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് എച്ച്.എം.ടി കവലയിൽ അവസാനിപ്പിക്കുകയാണ് പതിവ്. ഇന്നലത്തെ ട്രിപ്പിൽ ഏതാനും പേർ മാത്രമാണ് ഇറങ്ങാനുണ്ടായിരുന്നത്. ഇതിനിടെ ബസിൽ ഓടിക്കയറിയ പ്രതി, ‘എന്റെ ഭാര്യയെ കളിയാക്കുമല്ലേടാ”യെന്ന് ആക്രോശിച്ച് അനീഷിനെ കത്തികൊണ്ട് പലവട്ടം കുത്തുകയായിരുന്നു. തുടർന്ന് ഇറങ്ങിയോടിയ പ്രതി കളമശേരി മൂലേപ്പാടം ഭാഗത്തേക്ക് കടന്നു. കഴുത്തിലും നെഞ്ചിലും ആഴത്തിൽ കുത്തേറ്റ അനീഷിനെ ബസ് ജീവനക്കാരും യാത്രികരും ചേർന്ന് ഓട്ടോറിക്ഷയിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരി എസ്.എച്ച്.ഒ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. മാസ്‌ക് ധരിച്ചാണ് പ്രതി എത്തിയതെന്ന് യാത്രക്കാർ മൊഴി നൽകി. കത്തിയുമായി ഓടുന്ന സി.സി.ടിവി ദൃശ്യവും ഓട്ടത്തിനിടെ നഷ്ടപ്പെട്ട പ്രതിയുടെ ഫോൺ കണ്ടെത്തിയതും ആളെ തിരിച്ചറിയാൻ സഹായകമായി.
അഞ്ച് വർഷം മുൻപ് കളമശേരി സ്വദേശിനിയെ പ്രണയിച്ച് വിവാഹം കഴിച്ച മിനൂപ് ഭാര്യയുമായി ഒന്നര വർഷത്തോളമായി അകന്നുകഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. യുവതിയുമായി സൗഹൃദം സ്ഥാപിക്കുന്നവരെ ഇയാൾ ഫോണിലും നേരിട്ടും ഭീഷണിപ്പെടുത്തിയിരുന്നു.
അനീഷിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. അനീഷ് അവിവാഹിതനാണ്. മാതാവ്: ലിസി. സഹോദരൻ: അജിത്.
Source link