ഒളിച്ചോടിയിട്ടില്ല, വലിയ മാറ്റത്തിന് തുടക്കമാവണം :മോഹൻലാൽ

എന്റെ കൈയ്യിൽ ഉത്തരങ്ങളില്ല
എല്ലാ മേഖലയിലും കമ്മിറ്റികൾ വേണം.
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങൾക്കെല്ലാം തന്റെ പക്കൽ മറുപടികളില്ലെന്നും ഇതൊരു വലിയമാറ്റത്തിന് തുടക്കമാവണമെന്നും മോഹൻ ലാൽ. കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലാൽ.
മോഹൻലാൽ ഒളിച്ചോടിയെന്നാണ് പ്രചാരണം. താൻ ഒളിച്ചോടിയിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. അതിനാലാണ് പ്രതികരണം വൈകിയത്. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു. മലയാള സിനിമാ വ്യവസായത്തെ തകർക്കരുത്. മലയാള സിനിമയിലെ വാർത്തകൾ ദേശീയ,അന്തർദേശീയ തലത്തിൽ ചർച്ചയാകുന്നു. ഇത് വ്യവസായത്തെ ബാധിക്കും.
പതിനായിരങ്ങൾ ജോലിചെയ്യുന്ന മേഖലയാണിത്. ഇത് തുടർന്നാൽ ഈ രംഗം നിശ്ചലമാകും. നിങ്ങൾ ഇഷ്ടപ്പെടുന്ന പലരും നിസഹായരായി നിൽക്കുന്നത് കാണേണ്ടി വരും. വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ് ഈ വ്യവസായം കെട്ടിപ്പടുത്തത്.പ്രതിസന്ധി മറികടന്ന് സിനിമാ മേഖലയെ പുനർനിർമ്മിക്കണം. താരങ്ങളെല്ലാം സങ്കടത്തിലാണ്. 47വർഷമായി സിനിമയുടെ ഭാഗമായ ആളെന്ന നിലയിലാണ് പ്രതികരിക്കുന്നത്. സിനിമ സമൂഹത്തിന്റെ ചെറിയഭാഗം മാത്രമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്നത് ഇവിടെയും സംഭവിക്കുന്നു.
അതിനെ പ്രോത്സാഹിപ്പിക്കില്ല. നടപടികൾ വേണം.എല്ലാമേഖലകളിലും ഇത്തരം കമ്മിറ്റികൾ വേണം. എല്ലാവർക്കും നിയമം ഒരുപോലെ ബാധകമാക്കണം.വലിയൊരുമാറ്റത്തിന് തുടക്കമാകണം ഇത്. എന്റെ കൈയിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങളില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ മറുപടിപറയാനാവില്ല. പരാതികൾ ഇനി ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങൾ വേണം -മോഹൻലാൽ പറഞ്ഞു.
അമ്മ ട്രേഡ്
യൂണിയനല്ല
അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സംഘടനയാണ് അമ്മ. അത് ട്രേഡ് യൂണിയനല്ല. അഞ്ഞൂറിലധികം പേരുടെ കുടുംബമാണ്. മറ്റു സംസ്ഥാനങ്ങളിലെ സിനിമാ മേഖലയ്ക്ക് മാതൃകയാണ്. നിരവധി പേർക്ക് പെൻഷൻ കൊടുക്കുന്നു, മറ്റുകാര്യങ്ങൾ ചെയ്യുന്നു. ഭാരവാഹികൾ ഒഴിഞ്ഞെങ്കിലും അതൊന്നും മുടങ്ങില്ല.
ഒറ്റ ദിവസം കൊണ്ട് ഞങ്ങൾ എങ്ങനെ അന്യരായി
നിങ്ങൾക്കിടയിലുള്ള ഞങ്ങൾ ഒറ്റദിവസം കൊണ്ട് എങ്ങനെ അന്യരായി?- ചോദ്യം മോഹൻലാലിന്റേത്.
47 വർഷമായി സിനിമയിലുള്ള തനിക്ക് ആ മേഖലയെക്കുറിച്ച് ഇത്തരത്തിൽ പ്രതികരിക്കേണ്ടിവന്നത് ദൗർഭാഗ്യമാണെന്നും മോഹൻലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിനിമയിലുള്ള എല്ലാവർക്കും സംസാരിക്കാനുള്ള സമയമാണിത്. ഒരുസംഘടനയും ഒരു വ്യക്തിയും മാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന് മറുപടി പറയേണ്ടത് സിനിമാരംഗം ഒന്നാകെയാണ്. എന്തിനും കുറ്റപ്പെടുത്തുന്നത് ’അമ്മ’യെയാണ്. ഏറ്റവും കൂടുതൽ ചോദ്യശരങ്ങൾ തനിക്കും ’അമ്മ’യ്ക്കും നേരെയാണ്. അഭിഭാഷകരോടും മുതിർന്ന അംഗങ്ങളോടും സംസാരിച്ചാണ് ഭാരവാഹികൾ രാജിവച്ചത്. അതു ശരിയായില്ലെന്ന് പറയുന്നവർക്ക് മുന്നോട്ടുവരാം. തിരഞ്ഞെടുപ്പിലൂടെയോ അല്ലാതയോ ’അമ്മ’യെ നയിക്കാം. സ്ഥാനങ്ങളിൽ തുടർന്നാൽ അനാവശ്യ ആരോപണങ്ങൾ വരും. അതുകൊണ്ടാണ് രാജിവച്ചത്. ’അമ്മ’ മാത്രമല്ല നിരവധി സംഘടനകളുണ്ട്, അവരെല്ലാവരുമായി സംസാരിക്കണം. അവരുടെ അഭിപ്രായങ്ങളും ശേഖരിക്കണം. ഹേമകമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് മാദ്ധ്യമങ്ങൾക്ക് അറിയാവുന്നതാണ് തനിക്കും അറിയാവുന്നത്. ബുദ്ധിമുട്ട് ഉണ്ടായവർ പൊലീസിനെ അറിയിക്കുക. എല്ലാം നോക്കാൻ സർക്കാരും കമ്മിറ്റിയും പൊലീസുമുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അസോസിയേഷൻ ഉണ്ടാകണം.
Source link