KERALAMLATEST NEWS

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; പാപികളുടെ നേരെ മാത്രം: ആരോപണങ്ങൾ നിഷേധിച്ച് നടൻ ജയസൂര്യ

തിരുവനന്തപുരം: തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് എന്റെ ജന്മദിനം.ആശംസകൾ നേർന്ന് സ്നേഹപൂർവം കൂടെനിന്ന എല്ലാവർക്കും നന്ദി എന്ന ആമുഖത്തോടെ തുടങ്ങുന്ന കുറിപ്പിനൊടുവിൽ ഈ ജന്മദിനം ഏ​റ്റവും ദുഃഖപൂർണ്ണമാക്കിയതിനും അതിൽ പങ്കാളികളായവർക്കും നന്ദി എന്നും പറയുന്നുണ്ട്.

‘സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ, എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ്. വ്യക്തിപരമായ ആവശ്യങ്ങൾ കാരണം ഒരുമാസത്തോളമായി കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി എനിക്കുനേരെ രണ്ട് വ്യാജ പീഡനാരോപണങ്ങൾ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയെയും പോലെ അത് എന്നെയും തകർത്തു. എന്റെ കുടുംബാംഗങ്ങളെ അഗാതമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേർത്ത് നിർത്തിയ ഓരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പിനൊടുവിൽ നിയമവിദഗ്‌ധരുമായി കൂടിയാലോചനകൾ നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും’ ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.

നടിയുടെ പരാതിയിൽ ജയസൂര്യയ്‌ക്കെതിരെ ലെെംഗികാതിക്രമത്തിന് കഴിഞ്ഞദിവസമാണ് തിരുവനന്തപുരം കന്റോൻമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്ത് വച്ച് കടന്നുപിടിച്ച് ലെെംഗികമായി അതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി.തൊടുപുഴയിലെ ലൊക്കേഷനിൽ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ രണ്ടാമതും പൊലീസ് കേസെടുത്തിരുന്നു.


Source link

Related Articles

Back to top button