ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിൽ വീണ്ടും അനിശ്ചിതത്വം. മണ്ണ് നീക്കം ചെയ്യാൻ ഡ്രെഡ്‌ജർ കൊണ്ടുവരുന്നതിൽ തീരുമാനമായില്ല. ഒരു കോടിയോളം രൂപ മുടക്കി ഗോവയിൽനിന്ന് യന്ത്രം എത്തിക്കണോയെന്ന കാര്യം പരിശോധിക്കുകയാണ് സർക്കാർ. നിലവിൽ തെരച്ചിൽ താത്‌കാലികമായി നിർത്തിയിരിക്കുകയാണ്. ഗംഗാവലി പുഴയിൽ ഒഴുക്ക് കൂടിയതും വെള്ളം കലങ്ങിയതും കണക്കിലെടുത്താണ് തെരച്ചിൽ അവസാനിപ്പിച്ചത്.
മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കണ്ടെത്താനാകുമോയെന്നതിൽ ഉറപ്പില്ല. ലോറി ഉടമയ്ക്ക് ഇൻഷുറൻസ് ലഭിക്കാൻ സർക്കാർ വൻതുക മുടക്കണോയെന്നാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന്റെ ആലോചന. രക്ഷാദൗത്യത്തിന്റെ തുടർനടപടികൾ ആലോചിക്കുന്നതിനായി ഇന്ന് രാവിലെ ഉന്നതതല യോഗം ചേരും.
ഒരാഴ്ച കഴിഞ്ഞേ ഡ്രെഡ്ജർ എത്തിക്കാനാവൂവെന്നാണ് കമ്പനി മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഉപകരണം എത്താൻ അഞ്ചുദിവസം എടുക്കുമെന്ന് കാർവാർ എംഎൽഎ സതീശ് സെയിലും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ ഗംഗാവലി പുഴയിൽ നിന്ന് ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തിയിരുന്നു. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. 50 മീറ്റർ നീളമുള്ള കയറാണ് ലഭിച്ചിരിക്കുന്നത്. ഈശ്വർ മാൽപേയുടെ സംഘമാണ് കയർ കണ്ടെത്തിയത്. കണ്ടെത്തിയ വണ്ടിയുടെ ബോഡിപാർട്ട് അർജുന്റെ ലോറിയുടേതല്ല. അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണായക തെളിവ് ലഭിച്ചെന്ന് രക്ഷാദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ വ്യക്തമാക്കിയിരുന്നു. കയറടക്കം കണ്ടെത്തിയതിനാൽ അർജുന്റെ ലോറി പുഴക്കടിയിൽ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ മാസം 16ന് ആണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായത്. അർജുന് പുറമെ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെയും കണ്ടെത്താനുണ്ട്. നദിയുടെ അടിത്തട്ടിൽ അടിഞ്ഞുകിടക്കുന്ന മണ്ണാണ് തെരച്ചിലിന് പ്രധാന തടസം നിൽക്കുന്നത്.
Source link