അർജുനായുള്ള തെരച്ചിലിന്റെ ഭാവി ഇനി കർണാടക സർക്കാർ തീരുമാനിക്കും; കത്ത് നൽകാൻ ഉത്തര കന്നഡ ജില്ലാ ഭരണകൂടം

ബംഗളൂരു: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം തുടരണമോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കർണാടക സർക്കാരിന് വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. രാവിലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡ്രെഡ്‌ജർ ചെലവ് എങ്ങനെ വഹിക്കും എന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചെലവ് കണക്കുകൾ വ്യക്തമാക്കി കർണാടക പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകാൻ ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ തീരുമാനിച്ചത്. ഡ്രെഡ്ജർ എത്തിക്കാൻ ഒരു കോടി രൂപയോളം ചെലവാകുമെന്നാണ് കണക്കാക്കുന്നത്.

മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കണ്ടെത്താനാകുമോയെന്നതിൽ ഉറപ്പില്ല. ലോറി ഉടമയ്ക്ക് ഇൻഷുറൻസ് ലഭിക്കാൻ സർക്കാർ വൻതുക മുടക്കണോയെന്നാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന്റെ ആലോചന. രക്ഷാദൗത്യത്തിന്റെ തുടർനടപടികൾ ആലോചിക്കുന്നതിനായി ഇന്ന് രാവിലെ ഉന്നതതല യോഗം ചേർന്നത്. ഒരാഴ്ച കഴിഞ്ഞേ ഡ്രെഡ്ജർ എത്തിക്കാനാവൂവെന്നാണ് കമ്പനി മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഉപകരണം എത്താൻ അഞ്ചുദിവസം എടുക്കുമെന്ന് കാർവാർ എംഎൽഎ സതീശ് സെയിലും വ്യക്തമാക്കിയിരുന്നു.

ഗംഗാവലി പുഴയിലെ തെരച്ചിൽ ഇന്നലെ താൽക്കാലികമായി നിർത്തിയിരുന്നു. പുഴയിലെ മണ്ണും മരക്ഷണങ്ങളും ഉൾപ്പെടെ നീക്കം ചെയ്യാതെ ലോറി കണ്ടെത്താനാകില്ലെന്നാണ് ഈശ്വർ മൽപേ ഉൾപ്പെടെ അറിയിച്ചത്. 22ന് തെരച്ചിലിനായി ഡ്രെഡ്ജർ എത്തിക്കുമെന്നാണ് നിലവിൽ അർജുന്റെ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. 21ന് വെെകിട്ടോടെ ഷിരൂരിൽ എത്താമെന്ന് മഞ്ചേശ്വരം എംഎൽഎ അഷ്റഫും പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മാസം 16ന് ആണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായത്. അർജുന് പുറമെ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെയും കണ്ടെത്താനുണ്ട്. നദിയുടെ അടിത്തട്ടിൽ അടിഞ്ഞുകിടക്കുന്ന മണ്ണാണ് തെരച്ചിലിന് പ്രധാന തടസം നിൽക്കുന്നത്.


Source link
Exit mobile version