കീവ്: പാശ്ചാത്യമിത്രങ്ങൾ നല്കിയ എഫ്-16 പോർവിമാനങ്ങളിലൊന്ന് തകർന്നതിനു പിന്നാലെ യുക്രെയ്ൻ വ്യോമസേനാ മേധാവി ലഫ്. ജനറൽ മിക്കോള ഒലെഷ്ചുക്കിനെ പ്രസിഡന്റ് സെലൻസ്കി പുറത്താക്കി. ലഫ്. ജനറൽ അനത്തോളി ക്രിവ്നോഷ്കോയെ ഇടക്കാല മോവിയായി നിയമിച്ചു. തിങ്കളാഴ്ച റഷ്യൻ സേന യുക്രെയ്നു നേർക്കു നടത്തിയ വൻ മിസൈൽ-ഡ്രോൺ ആക്രമണത്തിനിടെയാണ് എഫ്-16 തകർന്നത്. ഇതു പറത്തിയ പൈലറ്റ് മരിച്ചു. അത്യാധുനിക വിമാനം തകർന്നതിൽ യുക്രെയ്നിൽ ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. യുക്രെയ്ന്റെ തന്നെ വ്യോമപ്രതിരോധ മിസൈൽ ഏറ്റാണ് വിമാനം തകർന്നതെന്ന് ചില നേതാക്കൾ പറഞ്ഞു.
അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനങ്ങൾ അടുത്തിടെയാണ് യുക്രെയ്നു ലഭിച്ചത്. ഇത്തരം 65 വിമാനങ്ങൾ നല്കുമെന്നാണ് നാറ്റോ രാജ്യങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനിടെ, റഷ്യൻ സേന യുക്രെയ്നുള്ളിൽ ആക്രമണം തുടരുകയാണ്. വെള്ളിയാഴ്ച ഖാർകീവ് നഗരത്തിലുണ്ടായ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും 59 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഗ്ലൈഡ് ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം.
Source link