പാരാലിന്പിക്സ് : ഷൂട്ടിംഗിൽ വെങ്കല മുഴക്കം

പാരീസ്: 2024 പാരാലിന്പിക്സിൽ ഇന്ത്യൻ താരങ്ങളുടെ മെഡൽ മുഴക്കം തുടരുന്നു. ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്ത്യയുടെ നാലാം മെഡലാണ്. വനിതാ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1ൽ ഇന്ത്യക്കുവേണ്ടി റുബീന ഫ്രാൻസിസ് വെങ്കലം വെടിവച്ചിട്ടു. മധ്യപ്രദേശുകാരിയായ റുബീന 211.1 പോയിന്റോടെയാണ് വെങ്കലം കഴുത്തിലണിഞ്ഞത്. ഇറാന്റെ സാരെ ജവൻമർദി (236.8), തുർക്കിയുടെ ഐസൽ ഓസ്ഗാൻ (231.1) എന്നിവർക്കാണ് സ്വർണവും വെള്ളിയും. 2022 ഏഷ്യൻ പാരാ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റളിൽ റുബീന ഫ്രാൻസിസു വെങ്കലം ലഭിച്ചിരുന്നു.
നേരത്തേ ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഒരു സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ മൂന്നു മെഡൽ ഇന്ത്യ നേടിയിരുന്നു. ഇതോടെ 2024 പാരാലിന്പിക്സിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം അഞ്ചിൽ എത്തി.
Source link