ഹൈദരാബാദ്: നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ കൺവെൻഷൻ സെന്ററിനെതിരെ ബുൾഡോസർ നടപടി. ഹൈദരാബാദ് ദുരന്ത നിവാരണ, ആസ്തി സംരക്ഷണ നിരീക്ഷണ വകുപ്പ് (ഹൈഡ്ര) നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചു. തെലങ്കാനയിലെ റോഡ്‌സ് ആന്റ് ബിൽഡിംഗ്‌സ് മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി ഹൈഡ്രയ്ക്ക് നൽകിയ പരാതിയിലാണ് നടപടി.
പത്ത് ഏക്കർ ഭൂമിയിലാണ് കൺവെൻഷൻ സെന്റർ നിർമിച്ചിരിക്കുന്നത്. മദാപൂർ പ്രദേശത്തെ തമ്മിടികുണ്ട തടാകത്തിന്റെ ഭാഗമായുള്ള ബഫർ സോണിൽ അനധികൃതമായി കെട്ടിടം നിർമിച്ചിരിക്കുന്നതിനാലാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കുന്നു.
നോർത്ത് ടാങ്ക് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ ഔദ്യോഗിക രേഖകൾ പ്രകാരം, തമ്മിടികുണ്ട തടാകത്തിന്റെ എഫ്ടിഎൽ (ഫുൾ ടാങ്ക് ലെവൽ) വിസ്തീർണ്ണം ഏകദേശം 29.24 ഏക്കറാണ്. എഫ്‌ടിഎൽ ഏരിയയുടെ ഏകദേശം 1.12 ഏക്കറും ബഫറിനുള്ളിൽ അധികമായി രണ്ട് ഏക്കറും എൻ-കൺവെൻഷൻ സെന്റർ കൈയേറിയെന്നാണ് ആരോപണം.
നിർമ്മാണങ്ങൾ നിയന്ത്രിച്ചിരിക്കുന്ന ജലാശയങ്ങളെയാണ് എഫ്‌ടിഎൽ സൂചിപ്പിക്കുന്നത്. ജലസ്രോതസ്സുകളിലെ കൈയേറ്റങ്ങൾ തടയുന്നതിനായി എഫ്ടിഎൽ പ്രദേശത്തിനൊപ്പം ബഫർ സോണും സ്ഥാപിക്കപ്പെടും.
കെട്ടിടത്തിനെതിരെ നടപടികൾ തടയാൻ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ കൺവെൻഷൻ സെന്ററിന്റെ മാനേജ്‌മെന്റ് സ്വാധീനം ഉപയോഗിക്കുന്നതായി വർഷങ്ങൾക്കുമുൻപ് തന്നെ ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കെട്ടിടം പൊളിച്ചുനീക്കൽ പ്രക്രിയ രാവിലെതന്നെ ആരംഭിച്ചതായാണ് വിവരം.
അതേസമയം, ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്നും പട്ടയഭൂമിയാണ് അതെന്നുമാണ് നാഗാർജുന നടപടിയിൽ പ്രതികരിച്ചത്. കേസ് നിലനിൽക്കുന്ന കോടതി തനിക്ക് എതിരെ വിധിച്ചിരുന്നെങ്കിൽ സ്വയം കെട്ടിടം പൊളിച്ച് നീക്കുമായിരുന്നുവെന്നും നടപടിയുമായി ബന്ധപ്പെട്ട് നോട്ടീസ് ഒന്നും ലഭിച്ചിരുന്നില്ലെന്നും നടൻ വ്യക്തമാക്കി.
Source link