പ്രഥമ കേരളാ ക്രിക്കറ്റ് ലീഗ് ട്വന്റി-20 നാളെ മുതൽ
തോമസ് വർഗീസ് തിരുവനന്തപുരം: നാളെ മുതൽ കാര്യവട്ടത്ത് തലങ്ങും വിലങ്ങും അടിപൊട്ടും. വേലിക്കെട്ടിനു പുറത്തേക്കടിക്കാനുള്ള ശ്രമത്തിനിടെ ചിലർ നിലംപൊത്തും… അതെ, പ്രഥമ കേരളാ ക്രിക്കറ്റ് ലീഗ് ട്വന്റി-20 പോരാട്ടങ്ങൾക്കു നാളെ കാര്യവട്ടം സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. കിരീട പോരാട്ടത്തിനായി ആറു ടീമുകൾ മത്സരത്തിനിറങ്ങുന്ന കേരളാ ക്രിക്കറ്റ് ലീഗ് ആരാധകരുടെ ആവേശം വാനോളമുയർത്തും. ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗ് നടൻ മോഹൻലാൽ ഇന്നലെ നടത്തിയതോടെ കളിയാരവം മുഴങ്ങി. കൊച്ചി ബ്ലൂടൈഗേഴ്സ്, ആലപ്പി റിപ്പിൾസ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ് എന്നീ ടീമുകളാണ് പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിൽ പോരാട്ടത്തിനിറങ്ങുന്നത്. നാളെ ഉച്ചകഴിഞ്ഞ 2.30 ഉദ്ഘാടന മത്സരത്തിൽ ആലപ്പി റിപ്പിൾസ് തൃശൂർ ടൈറ്റൻസുമായി ഏറ്റുമുട്ടും. ഒരു ദിവസം രണ്ട് മത്സരങ്ങളാണുള്ളത്. ഉദ്ഘാടന ദിനത്തെ രണ്ടാം മത്സരത്തിൽ ട്രിവാൻഡ്രം റോയൽസ് കൊച്ചി ബ്ലൂടൈഗേഴ്സിനെ നേരിടും. ഈ മാസം 18വരെ നീളുന്നതാണ് കേരളാ ക്രിക്കറ്റ് ലീഗ്. വിലയേറിയ താരങ്ങൾ നാലു കളിക്കാരെയാണ് ഏഴു ലക്ഷം രൂപയിൽ കൂടുതൽ തുകയ്ക്ക് ലേലത്തിൽ ടീമുകൾ സ്വന്തമാക്കിയത്. ഓൾറൗണ്ടർ എം.എസ്. അഖിലാണ് കേരളാ ക്രിക്കറ്റ് ലീഗിലെ വിലയേറിയ താരം. അഖിലിനെ ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കിയത് 7.4 ലക്ഷം രൂപയ്ക്കായിരുന്നു. വരുണ്‍ നായനാറാണ് വിലയേറിയ താരങ്ങളിൽ രണ്ടാമത്. വിക്കറ്റ് കീപ്പർ ബാറ്ററായ വരുണിനെ തൃശൂർ ടൈറ്റൻസ് 7.2 ലക്ഷം രൂപ മുടക്കിയാണ് ടീമിലെത്തിച്ചത്. ഓൾറൗണ്ടർ മനുകൃഷ്ണനെ കൊച്ചി ബ്ലൂ ടൈഗേഴ്സും വെടിക്കെട്ടുകാരൻ സൽമാൻ നിസാറിലെ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സും ഏഴു ലക്ഷം രൂപവീതം മുടക്കിയും സ്വന്തമാക്കി. ലേലത്തിൽ 168 കളിക്കാർ പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലത്തിൽ 168 കളിക്കാരെയാണ് കെസിഎ അണിനിരത്തിയത്. ഐപിഎൽ, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ചിട്ടുള്ളവരെ എ വിഭാഗത്തിൽ ഉൾപ്പെടുത്തി രണ്ടു ലക്ഷം രൂപ അടിസ്ഥാന വിലയിട്ടു. സി.കെ. നായിഡു, അണ്ടർ-23, അണ്ടർ-19 സ്റ്റേറ്റ്, അണ്ടർ-19 ചലഞ്ചേഴ്സ് മൽസരങ്ങളിൽ കളിച്ചിട്ടുള്ളവരെ ബി വിഭാഗത്തിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപയും അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റർമാരുമായവരെ സി വിഭാഗത്തിൽപെടുത്തി 50,000 രൂപയും അടിസ്ഥാന പ്രതിഫലം നിശ്ചയിച്ചാണ് ലേലം നടത്തിയത്. ഇതിൽ 108 താരങ്ങളെ ഫ്രാഞ്ചൈസികൾ ലേലത്തിൽ സ്വന്തമാക്കി.
ഐക്കണ്‍ താരങ്ങൾ പി.എ. അബ്ദുൾ ബാസിത് ട്രിവാൻഡ്രം റോയൽസിന്റെയും സച്ചിൻ ബേബി ഏരീസ് കൊല്ലം സെയ്ലേഴ്സിന്റെയും മുഹമ്മദ് അസറുദ്ദീൻ ആലപ്പി റിപ്പിൾസിന്റെയും ബേസിൽ തന്പി കൊച്ചി ബ്ലൂടൈഗേഴ്സിന്റെയും വിഷ്ണു വിനോദ് തൃശൂർ ടൈറ്റൻസിന്റെയും റോഹൻ എസ് കുന്നമ്മൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിന്റെയും ഐക്കണ്‍ പ്ലയേഴ്സാണ്. ഇതിൽ വിഷ്ണു വിനോദ് ഒഴികെയുള്ളവർ അതത് ടീമിനെ നയിക്കും. വരുണ്‍ നായനാറിന്റെ ക്യാപ്റ്റൻസിയിലാണ് വിഷ്ണു വിനോദിന്റെ തൃശൂർ ടൈറ്റൻസിന്റെ ക്യാപ്റ്റൻ. ഇടവേളകളില്ലാതെ ഇന്ത്യൻ ടീമിൽ ഇനി മലയാളി സാന്നിധ്യമുണ്ടാകും: മോഹന്‍ലാല്‍ തിരുവനന്തപുരം: ഇന്ത്യൻ ടീമിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാൻ പോവുകയാണെന്നും അതിന്റെ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് ലീഗെന്നും നടൻ മോഹന്‍ലാല്‍. കേരള ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ അവതരണം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു കായിക വിനോദമെന്നതിനപ്പുറം ലോകമെമ്പാടും ക്രിക്കറ്റ് ഒരു വികാരമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ആരാധകരുള്ള രണ്ട് കായികവിനോദങ്ങൾ ക്രിക്കറ്റും ഫുട്ബോളുമാണ്. രണ്ടിന്റെയും ഏതു മൽസരങ്ങൾക്കും ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന മലയാളികൾ ലോകമെമ്പാടുമുണ്ട്-മോഹന്‍ലാല്‍ പറഞ്ഞു. ക്രിക്കറ്റ് ലീഗിനായി തയാറാക്കിയ പ്രത്യേക ഗാനത്തിന്റെ പ്രകാശനവും മോഹന്‍ലാല്‍ നിര്‍വഹിച്ചു. കായികമന്ത്രി വി. അബ്ദുറഹിമാൻ, കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള ക്രിക്കറ്റ് ലീഗ് ചെയര്മാന് നാസര്‍ മച്ചാന്, വനിതാ ക്രിക്കറ്റ് ഗുഡ്വില് അംബാസിഡര്‍ കീര്‍ത്തി സുരേഷ് എന്നിവരും ഫ്രാഞ്ചൈസി ഉടമകളും ടീം അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
Source link