അർജുന്റെ ഭാര്യയ്‌ക്ക് സഹകരണ ബാങ്കിൽ ജോലി; ജൂനിയർ ക്ലാർക്ക് തസ്‌തികയിൽ നിയമന ഉത്തരവ്
തിരുവനന്തപുരം: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് ആശ്വാസമായി സഹകരണ വകുപ്പ്. അർജുന്റെ ഭാര്യ കെ കൃഷ്‌ണപ്രിയയ്‌ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക് / കാഷ്യർ തസ്‌തികയിൽ നിയമനം നൽകും. ഇത് സംബന്ധിച്ച ഉത്തരവ് (ജിഒ നമ്പർ 169/2024 സഹകരണം 29 – 8 -2024 ) സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വിഎൻ വാസവൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്‌ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകിക്കൊണ്ടാണ് സർക്കാർ തീരുമാനമെടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്‌തിയെന്നും മന്ത്രി പറഞ്ഞു.
അർജുനായുള്ള തെരച്ചിൽ ഡ്രെഡ്ജിംഗ് മെഷീൻ ഉപയോഗിച്ച് പുനരാരംഭിക്കണമെന്ന ആവശ്യവുമായി സഹോദരി ഭർത്താവ് ജിതിൻ കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രിയെ കണ്ടിരുന്നു. എംകെ രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്, കാർവാർ എംഎൽഎ സതീശ് സെയ്ൽ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു.
ഡ്രഡ്ജിംഗ് മെഷീൻ എത്തിച്ച് മണ്ണെടുത്താൽ മാത്രമേ വാഹനം ലഭിക്കൂ. ഡ്രെഡ്ജർ എത്തിക്കാൻ ഫണ്ടില്ലെന്ന നിലപാടിലായിരുന്നു കർണാടക സർക്കാർ. ഈ സാഹചര്യത്തിലാണ് അർജുനെ കണ്ടെത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കണ്ടതെന്ന് ജിതിൻ പറഞ്ഞു. ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനം ഉയർത്തിയിരുന്നു.
ജൂലായ് 16നാണ് ദക്ഷിണ കന്നഡയിലെ ഷിരൂരിൽ പനവേൽ – കന്യാകുമാരി ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടാകുന്നതും അർജുനെ കാണാതാകുന്നതും. 15ന് ബെൽഗാമിൽ നിന്ന് തടിയുമായി എടവണ്ണയിലേക്ക് വരികയായിരുന്നു അർജുൻ.
Source link