മുകേഷിന്റെ രാജി: രാഷ്ട്രീയ പ്രതിസന്ധിയായി ഇടതുപക്ഷ ഭിന്നത
#ചേരിതിരിവ് ഇടതു പർട്ടികളിലും സംഘടനകളിലും
തിരുവനന്തപുരം: നടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ പ്രതി സ്ഥാനത്തുള്ള മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യത്തിന്മേലുള്ള ഭിന്നത ഇടതു രാഷ്ട്രീയ,സിനിമാ,സാംസ്കാരിക, മേഖലകളിൽ തീ പടർത്തുന്നു. ഇടതു പാർട്ടികൾക്കും സംഘടനകൾക്കുമുള്ളിൽ കടുത്ത ആശയക്കുഴപ്പവും രാഷ്ട്രീയ പ്രതിസന്ധിയുമാണ് ഇത് സൃഷ്ടിക്കുന്നത്.
മുകേഷിനെതിരെ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നതെങ്കിലും, എം.എൽ.എ സ്ഥാനത്തു നിന്നുള്ള രാജിയോട് പാർട്ടി സംസ്ഥാന നേതൃത്വത്തിന് യോജിപ്പില്ല. തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്നും, കോടതിയിൽ അത് ബോദ്ധ്യപ്പെടുത്താനുള്ള തെളിവുകൾ കൈവശമുണ്ടെന്നും
മുകേഷ് മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണം തത്കാലം മുഖവിലയ്ക്കെടുക്കുകയാണ് പാർട്ടി. മാത്രമല്ല,ലൈംഗികാരോപണ വിധേയരായി കേസിൽപ്പെട്ട കോൺഗ്രസ് എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളിയും എം.വിൻസെന്റും തൽസ്ഥാനങ്ങളിൽ തുടരുമ്പോൾ, ഇടത് എം.എൽ.എ എന്തിന് രാജി വയ്ക്കണമെന്ന ചോദ്യവും ഉയരുന്നു. ഇക്കാര്യത്തിൽ സി.പി.എം ഉന്നത നേതാക്കൾക്കിടയിലും ഭിന്നത പ്രകടം.
ഇടതുപക്ഷത്തിന്റെ സ്ത്രീ ആഭിമുഖ്യം ഉയർത്തിപ്പിടിക്കാൻ മുകേഷിന്റെ രാജി അനിവാര്യമാണെന്നാണ്
പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ വാദം. എന്നാൽ, ആരോപണത്തിന്റെ പേരിൽ മാത്രം മുകേഷ് ഒഴിയേണ്ടതില്ലെന്നാണ് രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ കീഴ്വഴക്കം ചൂണ്ടിക്കാട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജയും പി.കെ.ശ്രീമതിയും, ഇടതുമുന്നണി കൺവീനർ കൂടിയായ ഇ.പി.ജയരാജനും സമർത്ഥിക്കുന്നത്. കോൺഗ്രസ് എം.പിമാർക്കെതിരെ ലൈംഗികാരോപണം ഉയർന്നപ്പോൾ മാദ്ധ്യമങ്ങളുടെ ഈ താത്പര്യം കണ്ടില്ലെന്നാണ് പി.ബി അംഗം എം.എ.ബേബി പ്രതികരിച്ചത്. അതേസമയം, പാർട്ടി വേട്ടക്കാരോടൊപ്പമാണെന്ന പ്രതീതി സൃഷ്ടിക്കുന്ന സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ പ്രതികരണങ്ങൾ അപക്വമാണെന്ന വിമർശനം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ ഉയർന്നു. സർക്കാർ രൂപീകരിച്ച സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യം സി.പി.എം അംഗീകരിച്ചെന്ന റിപ്പോർട്ടുകൾക്കിടെ, അത് നിഷേധിക്കുന്നതായി മന്ത്രിയുടെ പ്രതികരണം.
നടിയുടെ പരാതിയിൽ മുകേഷിനെതിരെ എറണാകുളം മരട് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് രാജി ആവശ്യപ്പെട്ട് സി.പി.ഐ ദേശീയ എക്സിക്യുട്ടിവ് അംഗങ്ങളായ ആനി രാജയും കെ.പ്രകാശ് ബാബുവും രംഗത്തെത്തിയത്. ഈ വിഷയം ചർച്ച ചെയ്യാൻ വ്യാഴാഴ്ച ഓൺലൈനായി ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യുട്ടിവ് യോഗത്തിലും ഭിന്ന വാദങ്ങൾ ഉയർന്നു. സി.പി.എം എൽ.എൽ.എയുടെ രാജിക്കാര്യത്തിൽ, മുണണിയിലെ മറ്റൊരു ഘടകകക്ഷി ആവശ്യമുന്നയിക്കുന്നത് ഉചിതമല്ലെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വാദം. എക്സിക്യുട്ടിവിലെ ഭൂരിപക്ഷാഭിപ്രായ പ്രകാരമാണ് മുകേഷിന്റെ രാജി ആവശ്യം മുഖ്യമന്ത്രിയോടും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോടും ഉന്നയിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. എന്നാൽ,ആനിരാജയെ പരോക്ഷമായി ഇന്നലെ ബിനോയ് വിശ്വം തള്ളിപ്പറഞ്ഞു. ആനിരാജ പാർട്ടിയുടെയും മഹിളാ സംഘത്തിന്റെയും ദേശീയ നേതാവാണെങ്കിലും സംസ്ഥാനത്തെ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വ്യാജ ഇടതുപക്ഷമെന്ന്
പരസ്പരം ആരോപണം
താര സംഘടനയായ അമ്മയ്ക്ക് പിന്നാലെ, മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിലെ പൊട്ടിത്തെറിയിലും ഇടതുപക്ഷ ചേരിതിരിവ്. സി.പി.എം സഹയാത്രികരും മുൻ എസ്.എഫ്.ഐക്കാരനുമായ സംവിധായകൻ ആഷിഖ് അബുവും, ഇടതു സഹയാത്രികനായ ബി.ഉണ്ണിക്കൃഷ്ണനും പരസ്പരം വ്യാജ ഇടതുപക്ഷമെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. കമ്മിഷനും തട്ടിപ്പും ഉൾപ്പെടെയുള്ള സാമ്പത്തിക ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട് .
Source link