ശാരദാ മുരളീധരൻ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: കേരളത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരൻ ഇന്ന് ചുമതലയേൽക്കും. വൈകിട്ട് 3.30ന് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ചീഫ് സെക്രട്ടറിയും ഭർത്താവുമായ ഡോ.വി. വേണുവിൽ നിന്ന് ചുമതല ഏറ്റെടുക്കും. 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ശാരദയ്‌ക്ക് 2025 ഏപ്രിൽ വരെ കാലാവധിയുണ്ട്. വി. രാമചന്ദ്രൻ – പത്മരാമചന്ദ്രൻ, ബാബുജേക്കബ് – ലിസിജേക്കബ് എന്നീ ഐ.എ.എസ് ദമ്പതികൾ ചീഫ് സെക്രട്ടറി പദവിയിലെത്തിയിട്ടുണ്ടെങ്കിലും ഭർത്താവിന് തൊട്ടുപിന്നാലെ ഭാര്യയും അതേ കസേരയിലെത്തുന്നത് അപൂർവമാണ്. പ്ളാനിംഗ് അഡിഷണൽ ചീഫ് സെക്രട്ടറിയായിരുന്നു.

തിരുവനന്തപുരത്ത് തൈക്കാട് എൻജിനിയറിംഗ് കോളേജ് മുൻ അദ്ധ്യാപകരായ ഡോ. കെ.എ. മുരളീധരന്റേയും കെ.എ.ഗോമതിയുടേയും മകളാണ്. എസ്.എസ്.എൽ.സി പരീക്ഷയിലും എം.എക്കും ഒന്നാം റാങ്കോടെയാണ് വിജയം. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പി.എച്ച്ഡി ചെയ്യുമ്പോഴാണ് സിവിൽ സർവീസിലെത്തിയത്. നർത്തകിയായ കല്യാണിയും ചിത്രകാരനായ ശബരിയുമാണ് മക്കൾ.


Source link
Exit mobile version