കാരവാനിൽ ഒളിക്യാമറ, ദൃശ്യങ്ങൾ കണ്ട് സെറ്റിലെ പുരുഷന്മാർ ആസ്വദിക്കും; വെളിപ്പെടുത്തലുമായി രാധിക
ചെന്നൈ: മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി പ്രമുഖ നടി രാധിക ശരത്കുമാർ. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക പറഞ്ഞു. ഒരു മാദ്ധ്യമത്തോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
‘ഞാൻ 46 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. മോശമായി പെരുമാറാൻ ശ്രമിച്ച നിരവധിപേരുണ്ട്. നോ പറയാൻ പെൺകുട്ടികൾ പഠിക്കണം. പുരുഷന്മാരാരും പ്രതികരണം നടത്തിയിട്ടില്ല. ഇപ്പോൾ എല്ലാം പെൺകുട്ടികളുടെ തലയിലേക്ക് കെട്ടിവയ്‌ക്കുകയാണ്. പല നടിമാരുടെയും കതകിൽ മുട്ടുന്നത് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. എത്രയോ പെൺകുട്ടികൾ എന്നോട് വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.’
കേരളത്തിൽ ഞാൻ കണ്ടത് പറയാം. ഒളിക്യാമറ വച്ച് പെൺകുട്ടികൾ വസ്‌ത്രം മാറുന്നത് ഷൂട്ട് ചെയ്യുന്നത് ഞാൻ നേരിട്ട് കണ്ടു. നടിമാരുടെ പേര് വച്ച് ഫോൾഡറുകൾ ഉണ്ടാക്കി ഫോണിൽ സേവ് ചെയ്‌തിരിക്കുകയാണ് അവർ. ഏത് സിനിമയുടെ ലൊക്കേഷനെന്ന് ഞാൻ പറയില്ല. പിന്നീട് എനിക്ക് കാരവനിൽ പോകാൻ പോലും ഭയമായിരുന്നു. വീഡിയോ കണ്ടയുടൻ തന്നെ ഞാൻ ബഹളം വച്ചു. എല്ലാവരെയും വിളിച്ച് ഇത് ശരിയല്ലെന്നും ചെരുപ്പൂരി അടിക്കുമെന്നും പറഞ്ഞു. ഭയങ്കര ദേഷ്യം വന്നു. പിന്നീട് കാരവൻ ഒഴിവാക്കി റൂം എടുക്കുകയായിരുന്നു. മലർന്ന് കിടന്നു തുപ്പിയാൽ അത് നമ്മുടെ ദേഹത്തേക്ക് തന്നെ വീഴുകയുള്ളൂ. അതുകൊണ്ടാണ് പേര് പറയാത്തത്’ , രാധിക പറഞ്ഞു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രാധിക ശരത്‌കുമാറിന്റെയും മൊഴിയെടുക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ നിരവധി നടിമാരാണ് പരാതികളുമായി മുന്നോട്ടുവന്നത്. മലയാളികൾ ഏറെ ആരാധിക്കുന്ന പുരുഷ താരങ്ങളിൽ നിന്നുണ്ടായ മോശം അനുഭവത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു അവയെല്ലാം. സിദ്ദിഖ്, ജയസൂര്യ, മുകേഷ്, ഇടവേള ബാബു, സംവിധായകൻ രഞ്ജിത്ത് തുടങ്ങി നിരവധി താരങ്ങളാണ് ആരോപണവിധേയരായുള്ളത്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കാൻ ദേശീയ വനിതാ കമ്മിഷൻ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിട്ടുണ്ട്. ഒന്നും ഒഴിവാക്കാത്ത പൂർണ റിപ്പോർട്ട് ചീഫ് സെക്രട്ടറി ഒരാഴ്ച്ചയ്‌ക്കകം കൈമാറണമെന്നാണ് നിർദേശം. ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വചസ്‌പതി, സംസ്ഥാന കമ്മിറ്റി അംഗം പി ആർ ശിവശങ്കരൻ എന്നിവർ നൽകിയ നിവേദനത്തിന് പിന്നാലെയാണ് നടപടി.
Source link