പിവി അൻവറുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പത്തനംതിട്ട എസ് പി അവധിയിൽ, നടപടിയുണ്ടായേക്കും
പത്തനംതിട്ട: പി വി അൻവർ എം എൽ എയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പത്തനംതിട്ട എസ് പി സുജിത്ത് ദാസ് അവധിയിൽ. മൂന്ന് ദിവസത്തെ അവധിയാണെടുത്തിരിക്കുന്നത്.
മരങ്ങൾ മുറിച്ചു കടത്തി ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി അജിത്കുമാറും മുൻ മലപ്പുറം എസ് പി സുജിത്ത് ദാസും വീട്ടിലേക്ക് ഫർണിച്ചറുണ്ടാക്കിയെന്നും അൻവർ സമരത്തിനിടെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവത്തിൽ എ ഡി ജി പി അജിത് കുമാറിനും സുജിത്ത് ദാസിനുമെതിരെ നടപടിയുണ്ടായേക്കും.
മരങ്ങൾ മുറിച്ചു കടത്തിയെന്നാരോപിച്ച് പി വി അൻവറും കൊല്ലം കടയ്ക്കൽ സ്വദേശി എൻ ശ്രീജിത്തും എസ് പിക്ക് പരാതി നൽകിയിരുന്നു. ആരോപണങ്ങൾക്ക് പിന്നാലെയാണ് സുജിത്ത് ദാസും പി വി അൻവറും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നത്.
മരം മുറി കേസിൽ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നായിരുന്നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായ സുജിത്ത് ദാസിന്റെ അപേക്ഷ. പരാതി പിൻവലിക്കണമെന്നും സുജിത്ത് അൻവറിനോട് അപേക്ഷിച്ചു. തനിക്കൊപ്പം ജോലി ചെയ്തിരുന്നവരെ ഉപദ്രവിക്കുന്ന ആളാണ് നിലവിലെ മലപ്പുറം എസ് പി, നിങ്ങൾ സമ്മേളനത്തിൽ അയാൾക്കെതിരെ പറഞ്ഞപ്പോൾ താൻ സന്തോഷിച്ചെന്നും സുജിത്ത് പറഞ്ഞിരുന്നു.
സോഷ്യൽ ഫോറസ്ട്രി വകുപ്പ് 56,000 രൂപ വിലയിട്ട തേക്ക് 20,000 രൂപയ്ക്ക് ലേലം ചെയ്യുന്നത് എങ്ങനെയാണെന്ന് അൻവർ ചോദിച്ചപ്പോൾ മറ്റുള്ളവർ എം എൽ എയെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു സുജിത്തിന്റെ മറുപടി. വീടിന്റെ മുകളിലേക്ക് കിടന്ന മഹാഗണിയുടെ കൊമ്പുകളാണ് മുറിച്ചതെന്നും സുജിത്ത് പറഞ്ഞിരുന്നു.
Source link