KERALAMLATEST NEWS

‘എനിക്കും ഇപി ജയരാജനും ഒരുപോലെ ബാധകം’; പാർട്ടിയുടെ തീരുമാനം അനുസരിക്കുമെന്ന് ടി പി രാമകൃഷ്ണൻ

കോഴിക്കോട്: പാർട്ടി എന്ത് തീരുമാനമെടുത്താലും അതനുസരിച്ച് പ്രവർത്തിക്കുമെന്ന് ടി പി രാമകൃഷ്ണൻ. ഇ പി ജയരാജന് പകരമായി എൽ ഡി എഫ് കൺവീന‌ർ സ്ഥാനത്തേയ്ക്ക് ടി പി രാമകൃഷ്ണനെ നിയോഗിക്കുമെന്നാണ് വിവരം. ‘ഇ പി ജയരാജൻ നല്ല നിലയിൽ പ്രവർത്തിച്ചയാളാണ്. ചില പ്രത്യേക കാരണങ്ങളാൽ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നു. അതിന്റെ കാര്യങ്ങൾ പാർട്ടി സെക്രട്ടറി തന്നെ വ്യക്തമാക്കും’- അദ്ദേഹം പറ‌ഞ്ഞു.

‘പാർട്ടി തീരുമാനം നടപ്പിലാക്കുക എന്നതാണ് എന്റെ നിലപാട്. അര നൂറ്റാണ്ടോളമായി പാർട്ടിയിൽ പ്രവർത്തിക്കുന്നു. ഇന്നുവരെ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. ഇ പി ജയരാജനുമായി ബന്ധപ്പെട്ട പ്രശ്‌നം ഒരുവർഷം മുൻപുള്ളതാണ്. ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ ഒരു സന്ദർഭത്തിലും പോയി കണ്ടിട്ടില്ല. അദ്ദേഹം ഇ പിയെ വന്നുകാണുകയായിരുന്നു. കൂടിക്കാഴ്ച രാഷ്ട്രീയപരമായ വിഷയം ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നില്ല. അങ്ങനെ ഒരു ചർച്ച നടന്നിട്ടില്ലെന്നാണ് ഇ പി പാർട്ടിക്ക് മുൻപാകെ പറഞ്ഞത്.

ഇ പി തന്റെ നിലപാടിൽ ജാഗ്രത പുലർത്തിയിട്ടുണ്ട്. കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിനെ ഇതുമായി ബന്ധപ്പെടുത്തേണ്ടതില്ല. അതിന്റെ സാഹചര്യം സംസ്ഥാന സെക്രട്ടറി വിശദീകരിക്കും. ഇ പി പാർട്ടി സെക്രട്ടറിയേറ്റിൽ പങ്കെടുത്ത് അദ്ദേഹത്തിന് പറയാനുള്ളത് പറഞ്ഞിട്ടുണ്ട്. ഇ പി സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് അറിയില്ല.

ഇ പി അദ്ദേഹത്തിന്റെ ചുമതല കൃത്യമായി നിർവഹിച്ചിട്ടുണ്ട്. പോരായ്‌മകൾ ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകുന്നതിന് പാർട്ടി അദ്ദേഹത്തിന് സഹായകരമായ നിലപാട് എക്കാലത്തും സ്വീകരിച്ചിട്ടുണ്ട്. എന്തെങ്കിലും വ്യക്തിസംബന്ധമായ പ്രശ്‌നങ്ങളോ ദൗർബല്യങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഇടപെട്ട് ശരിയായ നിലപാട് സ്വീകരിക്കുകയെന്നതാണ് പാർട്ടിയുടെ സമീപനം. പാർ‌‌ട്ടിയുടെ സമീപനത്തിന് അനുസരിച്ചടുള്ള നിലപാട് സ്വീകരിക്കണം. അത് എനിക്കും ഇ പിക്കും സിപിഎമ്മിന്റെ ഭാഗമായ എല്ലാവർക്കും ബാധകമാണ്.

കേരളം മാത്രമാണ് രാജ്യത്ത് ഒരു ബദൽ നയം ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനം. ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ മനസിലാക്കി അതിനെ അഭിമുഖീകരിക്കുകയും പ്രായോഗിക പരിഹാരം കാണുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇടതുപക്ഷ മുന്നണി നടത്തുന്നത്’- ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.


Source link

Related Articles

Back to top button