KERALAMLATEST NEWS

നേതൃത്വത്തിന്‌ കാപട്യം, കുറ്റകരമായ മൗനം: ഫെഫ്‌കയിൽ നിന്ന് രാജിവച്ച് ആഷിക് അബു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയിലും പൊട്ടിത്തെറി. സംഘടനയിൽ നിന്ന് സംവിധായകൻ ആഷിക് അബു രാജിവച്ചു. നേതൃത്വത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം. നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവയ്ക്കുന്നു എന്നാണ് അദ്ദേഹം വാർത്താകുറിപ്പിൽ അറിയിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ ആഷിക് അബു പരസ്യമായി രംഗത്തെത്തിയിരുന്നു.

”ഹേമ കമ്മ​റ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പിന്നെ ഈ സംഘടനയുടെ കു​റ്റകരമായ മൗനം, പിന്നീട് പത്രകുറിപ്പെന്ന പേരിൽ പുറത്തിറങ്ങുന്ന കുറച്ചു വാചക കസർത്തുകൾ, ‘ പഠിച്ചിട്ടു പറയാം ‘ ‘ വൈകാരിക പ്രതികരണങ്ങൾ അല്ല വേണ്ടത് എന്ന നിർദേശം ‘ എന്നിവയൊക്കെ ഒരംഗം എന്ന നിലയിൽ എന്നെ ഏറെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേ​റ്റുന്നതിൽ ഈ സംഘടനയും വിശിഷ്യാ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു.

നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവയ്ക്കുന്നതായി അറിയിക്കുന്നു” എന്നാണ് വാർത്താകുറിപ്പിൽ ആഷിക് അബു പറയുന്നത്.

ബി.ഉണ്ണികൃഷ്‌ണന്റെ പേരെടുത്തുപറഞ്ഞായിരുന്നു ആഷിക് അബു നേരത്തേ വിമർശിച്ചത്. ‘ബി.ഉണ്ണികൃഷ്‌ണൻ നടത്തുന്നത് കാപട്യകരമായ പ്രവർത്തനമാണ്. ഫെഫ്‌കയിലെ 21 യൂണിയനുകളും ഇത് തുറന്ന് ചർച്ച ചെയ്യണം. ഇവിടെ നടന്ന ക്രിമിനൽ ആക്‌ടിവിറ്റികളോടും തൊഴിൽ നിഷേധങ്ങളോടും കൂട്ടുനിന്ന ആളാണ് ബി. ഉണ്ണികൃഷ്‌ണൻ. സർക്കാർ ഇത് തിരിച്ചറിയണം. മാക്‌ടയെ തകർത്തത് ബി. ഉണ്ണികൃഷ്‌ണനാണ്. ഫെഫ്ക എന്നാല്‍ ബി ഉണ്ണികൃഷ്ണനെന്നാണ് നടപ്പ് രീതി. തൊഴിലാളി സംഘടനയെ ഫ്യൂഡല്‍ തൊഴുത്തില്‍ കെട്ടി. ഒളിച്ചിരുന്ന് പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സമൂഹത്തെ അഭിമുഖീകരിക്കാന്‍ നട്ടെല്ലുണ്ടെങ്കില്‍ പൊതുമദ്ധ്യത്തില്‍ പ്രതികരിക്കട്ടെ. അയാളുടെ വാക്കുകൾ മുഖവിലയ‌്ക്കെടുക്കരുത്. ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മാറ്റണം.ബി. ഉണ്ണികൃഷ്‌ണൻ ഇല്ലെങ്കിൽ തൊഴിലാളികളുടെ കാര്യങ്ങൾ ഇവിടെ നടക്കും. കേരളം പരിഷ്‌കൃത സമൂഹമാണ്. ഫെഫ്‌കയുടെതെന്ന രീതിയിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് യൂണിയന്റെ നിലപാടല്ല’ എന്നായിരുന്നു ആഷിക് അബുവിന്റെ വിമർശനം.


Source link

Related Articles

Back to top button