4 വർഷ ബിരുദം — ‘ആവശ്യപ്പെടുമ്പോൾ പരീക്ഷ ‘ നടപ്പാക്കണമെന്ന് മന്ത്രി
തിരുവനന്തപുരം: വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷ നടത്തുന്ന ‘എക്സാംസ് ഓൺ ഡിമാൻഡ് ‘ നാലുവർഷ ബിരുദ കോഴ്സുകളിൽ നടപ്പാക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു നിർദ്ദേശിച്ചു. സർവകലാശാലകളുടെ പരീക്ഷാ കലണ്ടറിനു പുറമെയായിരിക്കണം ഇത്.
ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പുതിയ മൂല്യനിർണയ രീതി നടപ്പാക്കണം.
നാലുവർഷ പ്രോഗ്രാമുകളുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങൾക്കുള്ള പരിശീലനം കേരള സർവകലാശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള രജിസ്ട്രാർ ഡോ. അനിൽകുമാർ, ഐ.ക്യു.എ.സി ഡയറക്ടർ ഡോ. ഷാജി, സിൻഡിക്കേറ്റ് അംഗം ഡോ. മനോജ്, എഫ്.വൈ.യു.ജി.പി കോഓർഡിനേറ്റർ ഡോ. പ്രിൻസ് എന്നിവർ പ്രസംഗിച്ചു. സെപ്തംബർ 3ന് കണ്ണൂർ സർവകലാശാലയിലും 4ന് കാലിക്കറ്റിലും 6ന് എം.ജിയിലും ശില്പശാല നടത്തും.
ശ്രീനാരായണഗുരു ഓപ്പൺ യൂണി.
പ്രവേശനം 25 വരെ
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2024-25 അദ്ധ്യയന വർഷത്തെ യു.ജി, പി.ജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി സെപ്തംബർ 25 വരെ അപേക്ഷിക്കാം.
16 യു.ജി പ്രോഗ്രാമുകൾക്കും 12 പി.ജി പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഇതിൽ ആറ് പ്രോഗ്രാമുകൾ നാലുവർഷ ബിരുദ ഘടനയിലാണ്. നാലു വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് 3 വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടു കൂടി എക്സിറ്റ് ഓപ്ഷൻ നൽകുന്നുണ്ട്. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് മോഡിലാണ് ക്ലാസുകൾ. മിനിമം യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഉപരിപഠനം നടത്താം. ടി.സി നിർബന്ധമല്ല.
നിലവിൽ ഒരു അക്കാഡമിക് പ്രോഗ്രാം ചെയ്യുന്നവർക്കും ഓപ്പൺ യൂണിവേഴ്സിറ്റിയിൽ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ചേരാം. കൂടുതൽ വിവരങ്ങൾക്ക് www.sgou.ac.in, ഫോൺ: 0474 2966841, 9188909901, 9188909902, 9188909803
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ
നാലുവർഷ ബിരുദകോഴ്സുകൾ
കോട്ടയം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ അദ്ധ്യയന വർഷം മുതൽ നാലുവർഷ ബിരുദകോഴ്സുകൾ ആരംഭിക്കുമെന്ന് വൈസ് ചാൻസലർ ഡോ.വി.പി. ജഗതിരാജ് അറിയിച്ചു. ബി.ബി.എ, ബി.കോം, ബി.എ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി എന്നിവയിലാണ് ഓണേഴ്സ് ബിരുദം. ഇതടക്കം 28 ബിരുദ - ബിരുദാനന്തര കോഴ്സുകൾക്ക് 25 വരെ അപേക്ഷിക്കാം. എല്ലാ കോഴ്സുകൾക്കും യു.ജി.സി അംഗീകാരമുണ്ട്. പ്രവേശനത്തിന് പ്രായപരിധിയില്ല. ജോലി ചെയ്യുന്നവർക്കും പഠിക്കാനാകും. പൊതുഅവധി ദിനങ്ങളിലാണ് ക്ലാസുകൾ. നിലവിൽ ഒരു അക്കാഡമിക് പ്രോഗ്രാം ചെയ്യുന്നവർക്കും ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേ സമയം പഠിക്കാം. ടി.സി നിർബന്ധമില്ല. ബി.എസ്സി ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, ബി.എസ്സി മൾട്ടി മീഡിയ ബിരുദ പ്രോഗ്രാമുകളും ഉടൻ തുടങ്ങും. പത്രസമ്മേളനത്തിൽ പ്രൊ- വൈസ് ചാൻസലർ പ്രൊഫ. എസ്.വി. സുധീർ, തൃപ്പൂണിത്തുറ റീജിയണൽ ഡയറക്ടർ ടോജോമോൻ മാത്യു എന്നിവരും പങ്കെടുത്തു.
സി.കെ.ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം ഡോ.കെ.ജയകുമാറിന്
കോഴിക്കോട്: യുവകലാസാഹിതി ഷാർജ ഘടകം നൽകുന്ന സി.കെ.ചന്ദ്രപ്പൻ സ്മൃതി പുരസ്കാരത്തിന് മുൻചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ.കെ.ജയകുമാർ അർഹനായി. 2024 ദിർഹവും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സെപ്തംബർ എട്ടിന് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ നടക്കുന്ന ചടങ്ങിൽ മുൻ കൃഷി മന്ത്രിയും സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായ മുല്ലക്കര രത്നാകരൻ നൽകും. വാർത്താസമ്മേളനത്തിൽ യുവകലാസാഹിതി കേരള ഘടകം അദ്ധ്യക്ഷൻ ആലങ്കോട് ലീലാകൃഷ്ണൻ, ഭാരവാഹികളായ അജിത്ത് വർമ്മ, മുംതസർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
ബി.എസ്.എസ് അവാർഡ്
ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് അർഹനായ മാദ്ധ്യമപ്രവർത്തകൻ സജീവ് ഇളമ്പൽ. ശ്രീനാരായണ ഗുരുവിന്റെ അക്ഷര പ്രതിഷ്ഠയുടെ ചരിത്രം പറയുന്ന ഗുരുദേവൻ മുരുക്കുംപുഴയിൽ അടക്കമുള്ള ഡോക്യുമെന്ററികളാണ് അവാർഡിനർഹമാക്കിയത്
Source link