വെസ്റ്റ് ബാങ്ക് റെയ്ഡ്: ഹമാസ് നേതാവിനെ വധിച്ചു
ടെൽ അവീവ്: വെസ്റ്റ് ബാങ്കിൽ തുടരുന്ന ഓപ്പറേഷന്റെ മൂന്നാം ദിനം ഹമാസ് ഭീകരസംഘടനയുടെ മുതിർന്ന നേതാവ് വിസാം ഹാസിം അടക്കം മൂന്നു തീവ്രവാദികളെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു. വാഹനത്തിൽ കണ്ടെത്തിയ വിസാം ഹാസിമിനെ ഇല്ലാതാക്കിയെന്നും രക്ഷപ്പെട്ടോടിയ മറ്റു രണ്ടു പേരെ വ്യോമാക്രമണത്തിൽ വകവരുത്തിയെന്നുമാണ് സേന പറഞ്ഞത്. ജനിനിൽ നഗരത്തിലാണു മൂവരും കൊല്ലപ്പെട്ടതെന്നു പലസ്തീൻ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതിനിടെ, തുൽക്കാറമിൽനിന്ന് ഇസ്രേലി സേന പൻവാങ്ങിയതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിലെ അഭയാർഥി ക്യാന്പുകൾക്കും മറ്റു കെട്ടിടങ്ങൾക്കും വലിയ നാശമുണ്ടായി. തുൽക്കാറമിലെ സൈനിക നടപടിയിൽ ഇസ്ലാമിക് ജിഹാദ് ഭീകരസംഘടനയുടെ പ്രാദേശിക കാൻഡർ അടക്കം അഞ്ചു പേരെ വധിച്ചതായി ഇസ്രേലി സേന കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
വെസ്റ്റ് ബാങ്കിലെ മറ്റൊരു പ്രദേശമായ ടൂബാസിലെ അൽ ഫറാ അഭയാർഥി ക്യാന്പിൽനിന്നും ഇസ്രേലി സേന പിൻവാങ്ങി. ഇവിടുത്തെ ഭീകരകേന്ദ്രങ്ങൾ നശിപ്പിച്ചതായി സേന അറിയിച്ചു. ഇസ്രേലി സേന രണ്ടു പതിറ്റാണ്ടിനിടെ വെസ്റ്റ് ബാങ്കിൽ നടത്തുന്ന ഏറ്റവും വിപുലമായ റെയ്ഡിൽ 19 പലസ്തീനികളാണു കൊല്ലപ്പെട്ടത്. ഇതിൽ പലരും തീവ്രവാദസംഘടനകളുമായി ബന്ധമുള്ളവരാണ്. ഐക്യരാഷ്ട്രസഭയും ബ്രിട്ടനും വെസ്റ്റ് ബാങ്ക് റെയ്ഡിൽ ആശങ്ക രേഖപ്പെടുത്തി. റെയ്ഡിനായി ഇസ്രേലി സേന അവലംബിക്കുന്ന രീതികളും ജനങ്ങൾ കൊല്ലപ്പെടുന്നതും ഉത്കണ്ഠാജനകമാണെന്നു ബ്രിട്ടൻ പ്രതികരിച്ചു. സ്ഫോടനാത്മക സ്ഥിതിവിശേഷം കൂടുതൽ വഷളാക്കുന്ന നീക്കങ്ങളാണുണ്ടാകുന്നതെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് പറഞ്ഞു.
Source link