പാരീസ്: ടോക്കിയോയിലെ സ്വർണത്തിളക്കം പാരീസിലും ആവർത്തിച്ച് ഇന്ത്യയുടെ പാരാലിന്പിക് ഷൂട്ടിംഗ് താരം അവനി ലേഖ്റ. 2024 പാരീസ് പാരാലിന്പിക്സിൽ വനിതാ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് എസ്എച്ച്1 ൽ അവനി സ്വർണം വെടിവച്ചിട്ടു. 249.7 പോയിന്റുമായാണ് അവനി സ്വർണം കഴുത്തിലണിഞ്ഞത്. 2020 ടോക്കിയോ പാരാലിന്പിക്സിലും അവനി ഈ ഇനത്തിൽ സ്വർണം നേടിയിരുന്നു. അവനിക്കു പിന്നാലെ മോന അഗർവാൾ 10 മീറ്റർ എയർ റൈഫിൾ എസ്എച്ച്1ൽ വെങ്കലം നേടിയതോടെ ഇന്ത്യയുടെ മെഡൽ സന്തോഷം ഇരട്ടിച്ചു. 228.7 പോയിന്റുമായാണ് മോന വെങ്കലത്തിലെത്തിയത്. 2021ൽ മാത്രമാണ് മോന ഷൂട്ടിംഗ് റേഞ്ചിലേക്കെത്തിയത്. അതുവരെ ബാസ്കറ്റ്ബോൾ, അത്ലറ്റിക്സ് അടക്കമുള്ള ഇനങ്ങൾ പരീക്ഷിച്ചിരുന്നു. ഒന്പതു മാസം പ്രായമുള്ളപ്പോൾ പോളിയോ ബാധിച്ചാണ് മോനയുടെ കാലിന്റെ സ്വാധീനം നഷ്ടമായത്. ദക്ഷിണകൊറിയയുടെ ലീ യുന്റിക്കാണ് (246.8) 10 മീറ്റർ എയർ റൈഫിൾ എസ്എച്ച്1ൽ വെള്ളി. കാർ അപകടം മാറ്റിയ ജീവിതം 2012ൽ നടന്ന ഒരു കാർ അപകടത്തിലൂടെയാണ് അവനിക്ക് എഴുന്നേൽക്കാനുള്ള ശേഷി നഷ്ടപ്പെട്ടത്. 11 വയസ് മാത്രമായിരുന്നു പ്രായം. അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി കായിക ജീവിതം ആരംഭിച്ചു. ആദ്യം അന്പെയ്ത്തിലായിരുന്നു ശ്രദ്ധിച്ചത്. പിന്നീട് ഷൂട്ടിംഗിലേക്കു ചുവടുമാറി. 2020 ടോക്കിയോ പാരാലിന്പിക്സിൽ സ്വർണം നേടിയതോടെ പാരാലിന്പിക് ചരിത്രത്തിൽ ഇന്ത്യക്കുവേണ്ടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ കായിക താരം എന്ന റിക്കാർഡ് കുറിച്ചു. ടോക്കിയോയിൽ 10 മീറ്റർ എയർ റൈഫിൾ എസ്എച്ച് 1ലെ സ്വർണത്തിനു പിന്നാലെ 50 മീറ്റർ റൈഫിൾ ത്രി പൊസിഷൻസ് എസ്എച്ച്1ൽ വെങ്കലവും നേടിയിരുന്നു. പാരീസിലെ സ്വർണം കൂടി ഉൾപ്പെടുന്നതോടെ പാരാലിന്പിക്സിൽ ഇന്ത്യക്കായി മൂന്ന് മെഡലുകൾ നേടുന്ന ആദ്യ വനിതയെന്ന റിക്കാർഡും അവനി സ്വന്തമാക്കി.
മനീഷിന്റെ രണ്ടാം മെഡൽ പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ ഇന്ത്യയുടെ മനീഷ് നർവാൾ ഇന്നലെ വെള്ളി മെഡൽ സ്വന്തമാക്കി. 234.9 പോയിന്റുമായാണ് മനീഷിന്റെ വെള്ളി. ദക്ഷിണകൊറിയയുടെ ജിയോങ്ഡു ജോയ്ക്കാണ് (237.4) സ്വർണം. 2020 ടോക്കിയോ പാരാലിന്പിക്സിൽ മിക്സഡ് 50 മീറ്റർ പിസ്റ്റൾ എസ്എച്ച്1ൽ മനീഷിനു സ്വർണം ലഭിച്ചിരുന്നു. പാരാലിന്പിക്സിലെ ആദ്യ വ്യക്തിഗത മെഡലാണ് മനീഷ് പാരീസിൽ സ്വന്തമാക്കിയത്. പ്രീതിക്ക് ചരിത്ര നേട്ടം വനിതാ 100 മീറ്റർ ടി35 ഇനത്തിലൂടെ പ്രീതി പാൽ ഇന്ത്യൻ അക്കൗണ്ടിൽ ചരിത്ര മെഡലും എത്തിച്ചു. ഈ ഇനത്തിൽ ഇന്ത്യക്കായി പാരാലിന്പിക്സിൽ മെഡൽ സ്വന്തമാക്കുന്ന ആദ്യ താരമായി പ്രീതി പാൽ. 14.21 സെക്കൻഡിലാണ് പ്രീതി 100 മീറ്റർ ടി35 ഫിനിഷിംഗ് ലൈൻ കടന്നത്. ചൈനയുടെ സിയ സൗ (13.58), ത്വിൻസിവൻ ഗൗ (13.74) എന്നിവർ സ്വർണവും വെള്ളിയും സ്വന്തമാക്കി. 2024 കോബെ ലേക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ പ്രീതി വെങ്കലമണിഞ്ഞിരുന്നു.
Source link