മുകേഷ് വിഷയം: സി.പി.എം തീരുമാനം ഇന്നത്തെ സംസ്ഥാന കമ്മിറ്റിയിൽ
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽപ്പെട്ട എം.മുകേഷ് , എം.എൽ.എ സ്ഥാനം ഒഴിയണമോ എന്ന കാര്യത്തിൽ ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനമെടുക്കും. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം വിശദമായി ചർച്ച ചെയ്തില്ലെങ്കിലും രാജി വേണ്ടെന്ന നിലപാടാണ് പല നേതാക്കളും പ്രകടിപ്പിച്ചതെന്ന് അറിയുന്നു.
ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗം വിഷയത്തിന്റെ നാനാവശങ്ങൾ പരിശോധിക്കും. കൊല്ലത്തെ പാർട്ടി നേതാക്കളുടെ അഭിപ്രായങ്ങളും ആരായും. മുകേഷിന്റെ ഭാഗവും കേൾക്കും. ആരോപണത്തെക്കുറിച്ച് വ്യാഴാഴ്ച മുകേഷ് നേരിട്ട് മുഖ്യമന്ത്രിക്ക് വിശദീകരണം നൽകിയിരുന്നു. മുകേഷ് പ്രശ്നത്തിൽ തിടുക്കപ്പെട്ട് ഒരു തീരുമാനം എടുക്കേണ്ടെന്നതാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇപ്പോൾ ഉയർന്നിട്ടുള്ള ലൈംഗിക ആരോപണം നിയമപരമായി നിലനിൽക്കില്ലെന്നാണ് പാർട്ടിക്ക് ലഭിച്ച നിയമോപദേശം. . കോടതിയിൽ നിന്ന് പ്രതികൂല പരാമർശങ്ങൾ ഉണ്ടായാൽ മാത്രം രാജിക്കാര്യം ചിന്തിച്ചാൽ മതിയെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. .
സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ മുകേഷിന്റെ രാജി ആവശ്യം ഉയർന്നെങ്കിലും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം , രാജി വേണ്ടെന്നാണ് മുഖ്യമന്ത്രിയെ ധരിപ്പിച്ചതെന്നാണ് അറിയുന്നത്. വ്യാഴാഴ്ച തിരുവനന്തപുരത്തെ വീട്ടിലുണ്ടായിരുന്ന മുകേഷ് , കാറിലെ എം.എൽ.എ ബോർഡ് മാറ്റിയാണ് , പൊലീസ് അകമ്പടിയിൽ ഇന്നലെ രാവിലെ റോഡ് മാർഗ്ഗം കൊച്ചിക്ക് പോയത്.
Source link