KERALAMLATEST NEWS

 ‘ശ്രീമോഹനം” നാളെ നിശാഗന്ധിയിൽ; ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന് നൽകും

തിരുവനന്തപുരം: കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്‌കാരം നാളെ വൈകിട്ട് 5.30ന് നടൻ മോഹൻലാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. നിശാഗന്ധിയിൽ നടക്കുന്ന ‘ശ്രീമോഹനം” പരിപാടിയിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ശ്രീകുമാരൻ തമ്പിയെ ആദരിക്കും.
ഫൗണ്ടേഷൻ ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷത വഹിക്കും. മുൻ നിയമസഭാ സ്പീക്കർ എം.വിജയകുമാർ, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ എന്നിവർ പ്രസംഗിക്കും. ശ്രീകുമാരൻ തമ്പിയുടെ ചിത്രങ്ങളും ഫൗണ്ടേഷന്റെ മുൻകാല പ്രവർത്തനങ്ങളുടെ ചിത്രങ്ങളും അടങ്ങിയ ആൽബം നിംസ് എം.ഡി ഡോ.ഫൈസൽഖാൻ മോഹൻലാലിന് നൽകും. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് കല്ലിയൂർ ശശിക്കും ഗാനാലാപന മത്സര വിജയികൾക്കും മോഹൻലാൽ ഉപഹാരങ്ങൾ നൽകും. തുടർന്ന് പിന്നണി ഗായകൻ എം.ജി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ, ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യ അരങ്ങേറും. പ്രവേശനം സൗജന്യ പാസ് മുഖേനയായിരിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.


Source link

Related Articles

Back to top button