ശുചിമുറിയിൽ നിന്ന് തിരികെ വരുമ്പോൾ കടന്നുപിടിച്ച് ചുംബിച്ചു; ജയസൂര്യയ്‌ക്കെതിരെ ഒരു കേസ് കൂടി
തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും കേസ്. തൊടുപുഴയിലെ ലൊക്കേഷനിൽവച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശിനിയായ യുവനടിയാണ് പരാതി നൽകിയിരിക്കുന്നത്. കരമന പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് തൊടുപുഴയിലേക്ക് മാറ്റും.
മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുള്ള നടിയാണ് ജയസൂര്യയ്‌ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഡി ജി പിക്ക് ഓൺലൈനായിട്ടാണ് പരാതി നൽകിയത്. തുടർന്ന് കരമന പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
2013ൽ തൊടുപുഴയിലെ സിനിമാ ലൊക്കേഷനിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. “ശുചിമുറിയിലേക്ക് പോയി തിരികെ വരുമ്പോൾ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു. ഈ നടനെ ഞാൻ പിടിച്ച് തള്ളി. ശേഷം സെറ്റിലുള്ളവരോട് ഇക്കാര്യം പറഞ്ഞെങ്കിലും ആരും അംഗീകരിച്ചില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിരവധി നടിമാർ ഇത്തരത്തിലുള്ള പരാതികളുമായി രംഗത്തെത്തി. അവർക്ക് പിന്തുണയായിട്ടാണ് എനിക്ക് നേരിട്ട ദുരനുഭവം ഇപ്പോൾ തുറന്നുപറയാൻ തയ്യാറായത്.”- നടി വ്യക്തമാക്കി. ജയസൂര്യയ്‌ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
നേരത്തെ ആലുവയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ ജയസൂര്യയ്‌ക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്ത് വച്ച് കടന്നുപിടിച്ച് ലെെംഗികമായി അതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് നടി പരാതി നൽകിയത്. ആ കേസിലും സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള ജാമ്യമില്ലാവകുപ്പുകളാണ് ജയസൂര്യയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Source link